ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം!!

ട്വിറ്ററിന്‍റെ പുതിയ തീരുമാനം അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

Sneha Aniyan | Updated: Oct 31, 2019, 02:26 PM IST
ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം!!

വാഷി൦ഗ്ടണ്‍: ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കമ്പനി സിഇഒ ജാക്ക് ഡോര്‍സി. 

ആഗോളതലത്തില്‍ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനം. 

ഇത്തരം സന്ദേശങ്ങള്‍ പണ൦ നല്‍കി പിന്തുണ വാങ്ങുകയല്ല, സ്വയം നേടുകയാണ്‌ വേണ്ടതെന്നു ഡോര്‍സി പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 15ന് പുറത്തുവിടുമെന്നും ഡോര്‍സി വ്യക്തമാക്കി. 

ഡെമോക്രാറ്റുകളില്‍ നിന്ന് പ്രശംസ ലഭിക്കുന്ന ട്വിറ്ററിന്‍റെ പുതിയ തീരുമാനം അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

സമൂഹ മാധ്യമ രംഗത്തെ ട്വിറ്ററിന്‍റെ കടുത്ത എതിരാളിയായ ഫേസ്ബുക്ക്‌ രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണിത്.  

അതേസമയം, പുതിയ തീരുമാനത്തിന് പിന്നാലെ ട്വിറ്ററിന്‍റെ ഓഹരികള്‍ 1.9 ശതമാനം ഇടിഞ്ഞു. എന്നാല്‍, നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരോധനം ട്വിറ്ററിന്‍റെ വരുമാനം ഗണ്യമായി കുറക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.

2020 യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യമങ്ങള്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. 

കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചത് സമൂഹ മാധ്യമങ്ങളുടെ സ്വാധീനം മൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.