close

News WrapGet Handpicked Stories from our editors directly to your mailbox

കരിയറിന് കര്‍ട്ടനിട്ട് യുവരാജ്; യാത്രയയപ്പ് നല്‍കി സൈബര്‍ ലോകം!!

ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായെങ്കിലും പതറാതെ ചികിത്സ തേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപമായി.

Sneha Aniyan | Updated: Jun 10, 2019, 04:20 PM IST
 കരിയറിന് കര്‍ട്ടനിട്ട് യുവരാജ്; യാത്രയയപ്പ് നല്‍കി സൈബര്‍ ലോകം!!

മുപ്പത്തിയേഴാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ യുവരാജിന് യാത്രയയപ്പ് നല്‍കി സൈബര്‍ ലോകം.വ്യത്യസ്തമായ ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് യുവരാജിന് സൈബര്‍ ലോകം യാത്രയയപ്പ് നല്‍കുന്നത്. 

വിരമിച്ചാലും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മികച്ച കളിക്കാരനായി യുവരാജ് കാണുമെന്നാണ് ആരാധകര്‍ പറയുന്നത്. യുവരാജിന് വേണ്ടി വിരമിക്കല്‍ മത്സരം നടത്തണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. 

ധോണിയുടെ ജീവിതം ചലച്ചിത്രമാക്കിയത് പോലെ യുവരാജിന്‍റെ കഥയും സിനിമയാക്കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു യുവരാജ് സിംഗ്.

മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു.

2019ല്‍ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളാണ് ഇന്ത്യക്കായി കളിച്ചത്.

2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് യുവി.

ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായെങ്കിലും പതറാതെ ചികിത്സ തേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപമായി.

2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്.