അറിയാതെ മെസേജ് പോയാല്‍ ഡിലീറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സാപ്പ്

Last Updated : Nov 1, 2017, 12:42 PM IST
അറിയാതെ മെസേജ് പോയാല്‍ ഡിലീറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഒരാള്‍ക്ക് അയക്കേണ്ട മെസേജുകള്‍ മാറി വേറെ ആര്‍ക്കോ അയയ്ക്കുക. അയക്കാന്‍ ഉദ്ദേശമേ ഇല്ലാതിരുന്ന തരം ഇമോട്ടിക്കോണുകള്‍ കൈ തട്ടി അയച്ചു പോവുക.. എത്ര തവണ പറ്റിയിട്ടുണ്ട് അബദ്ധം? 

മെസേജ് പോയിക്കഴിഞ്ഞ് തലയില്‍ കൈവച്ച് ഇരിക്കാനേ ഇത്രയും കാലം പറ്റിയിരുന്നുള്ളൂ. എന്നാലിനി ഇങ്ങനെ പോവുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാം. അതിനായുള്ള പ്രത്യേക ഫീച്ചര്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന പേരില്‍ വാട്സാപ്പ് അവതരിപ്പിച്ചു. ഈ ഫീച്ചര്‍ ഉപയോഗിച്ച് മെസേജ് അയച്ച ആളിന്‍റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ മെസേജ് ലഭിക്കുന്ന ആളിന്‍റെ ഇന്‍ബോക്സില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.

നിലവില്‍ ഫോണിലുള്ള വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുകയാണ് ഇതിനു ആദ്യം വേണ്ടത്. പ്ലേ സ്റ്റോറില്‍ പോയാല്‍ ആപ്പ് അപ്ഡേറ്റ് ചെയ്യാം. ചിത്രങ്ങള്‍, വീഡിയോ, ഗിഫ് ഇമേജുകള്‍, കോണ്ടാക്റ്റ് മുതലായവയ്ക്കെല്ലാം ഇത് ബാധകമാണ്. എന്നാല്‍ ക്വോട്ട് ചെയ്തിട്ടുള്ള ടെക്സ്റ്റ് മെസേജുകള്‍ ഇപ്പോള്‍ ഇങ്ങനെ ഡിലീറ്റ് ആവില്ല.

ഈ ഓപ്ഷന്‍ ഉപയോഗിക്കുന്നതിനായി ഡിലീറ്റ് ചെയ്യേണ്ട മെസേജ് എടുത്ത് പ്രസ്‌ ചെയ്തു പിടിക്കുക. അപ്പോള്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷന്‍ വരും. ഈ ഓപ്ഷന്‍ സെലക്റ്റ് ചെയ്‌താല്‍ മതി.

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി മെസേജ് അയക്കുന്ന ആളുടെയും ലഭിക്കുന്ന ആളുടെയും വാട്സാപ്പ് വേര്‍ഷനുകള്‍ ഒന്നായിരിക്കണം. വാട്സാപ്പ് ഫോര്‍ വെബ്, ഡസ്ക്ടോപ്‌ ആപ്പ് മുതലായവയിലും ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ ഈയിടെ പുറത്തിറക്കിയ വാട്സാപ്പ് ബിസിനസ് ആപ്പില്‍ ഇത് ഇപ്പോള്‍ ലഭ്യമല്ല

Trending News