എടിഎം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എടിഎം തട്ടിപ്പ് ഇങ്ങനെയും, വീഡിയോ കണ്ടു നോക്കു

Last Updated : Aug 16, 2017, 03:13 PM IST
എടിഎം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എടിഎം തട്ടിപ്പ് ഇങ്ങനെയും, വീഡിയോ കണ്ടു നോക്കു

ഈ കഴിഞ്ഞ ജൂണ്‍ 24ന് ഓസ്ട്രിയയിൽ നിന്ന്  ടെക്നോ വിദഗ്ധനായ ബെഞ്ചമിൻ ടെഡിസ്കോയുടെ യൂട്യൂബ് ചാനലില്‍ എടിഎം തട്ടിപ്പിനെക്കുറിച്ച് ഒരു വിഡിയോ ബിൽ പ്രത്യക്ഷപ്പെട്ടു. വിയന്നയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിനടുത്തുള്ള എടിഎമ്മിലെ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് ചാനലില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്. 

എടിഎം കാർഡ് ഇൻസെർട്ട് ചെയ്യുന്ന ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന സ്കിമ്മറിനെകുറിച്ചായിരുന്നു രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ആ വിഡിയോയില്‍ കാണിച്ചത്. കുടുംബവുമൊത്ത് അമേരിക്കയിൽ നിന്ന് അവധിയാഘോഷത്തിനെത്തിയതായിരുന്നു ടെ‍ഡിസ്കോ. ഏത് എടിഎമ്മിൽ കയറിയാലും മൊത്തത്തില്‍ പരിശോധിക്കുന്ന സ്വഭാവമുള്ളതിനാൽ ഈ എടിഎമ്മിലും മൊത്തത്തിലൊന്നു പരിശോധന നടത്തി.

മെട്രോ സ്റ്റേഷനു തൊട്ടടുത്ത്, വഴിയരികിൽത്തന്നെയുള്ള എടിഎമ്മായതുകൊണ്ടുതന്നെ ആര്‍ക്കും എളുപ്പത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കാത്ത, ഒട്ടേറെപ്പേരുടെ ശ്രദ്ധയിൽപ്പെടാവുന്ന ഇടം. എന്നാല്‍, എടിഎം ഇടുന്ന ഭാഗത്ത് സംശയ തോന്നിയ ടെഡിസ്കോ എടിഎം കാർഡ് സ്വൈപ് ചെയ്യുന്ന പച്ച നിറമുള്ള ഭാഗം വെറുതെ പിടിച്ചൊന്നു വലിച്ചു. അപ്പോള്‍ തന്നെ അത് കയ്യോടെ ഇളക്കിപ്പോന്നു. 


Courtesy: Youtube

ഇതോടെ, എടിഎം കാർഡിലെ മാഗ്നറ്റിക് സ്ട്രിപ്പിലുള്ള വിവരം മുഴുവനും റീഡ് ചെയ്തെടുക്കാനുള്ള സ്കിമ്മറാണ് ഇതെന്ന് ടെ‍ഡിസ്കോയ്ക്ക് മനസിലായി.  തൊട്ടടുത്തുള്ള എടിഎമ്മിലും  പരിശോധന നടത്തിയെങ്കിലും  അതിനു കുഴപ്പമൊന്നുമില്ലായിരുന്നു. എന്തായാലും വിയന്ന പൊലീസിനെ ടെഡിസ്കോ വിവരമറിയിച്ചു. ഈ കാഴ്ച ഷൂട്ട് ചെയ്ത് യൂട്യൂബിലുമിട്ടു. പ്രതികളെകുറിച്ച് പോലീസിന് വിവരം ലഭിച്ചില്ലെങ്കിലും ഇതുവരെ അരക്കോടിയിലേറെപ്പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. വിഡിയോ പരിശോധിച്ച മറ്റൊരു ടെക് വിദഗ്ധന് ഒരു കാര്യം കൂടി കണ്ടെത്താനായി. എടിഎം കാർഡിന്റെ പിൻനമ്പർ ടൈപ്പ് ചെയ്യുന്ന ഭാഗത്തിന്‍റെ തൊട്ടുമുകളിലായിത്തന്നെ പൊട്ടുപോലെ എന്തോ ഘടിപ്പിച്ചിട്ടുണ്ട്.  ഇത് പിൻ നമ്പർ ടൈപ്പ് ചെയ്യുന്നത് റെക്കോർഡ് ചെയ്തെടുക്കാനുള്ള ക്യാമറയാണ്.

അതേസമയം, കേരളത്തില്‍ ഈ വീഡിയോ അത്ര പ്രചരിക്കപ്പെട്ടില്ല കാരണം ഇങ്ങനെയൊക്കെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സംഭവിക്കുമെന്ന് ആരും വിശ്വസിച്ചില്ല. എന്നാല്‍, തിരുവനന്തപുരത്ത് ഓഗസ്റ്റ് ഏഴിനു  നടന്ന സംഭവത്തോടെ ഈ കാര്യത്തിലും തീരുമാനമായി. 

എടിഎം മെഷീനു മുകളിലെ സ്മോക് ഡിറ്റക്റ്ററിനുള്ളിൽ ക്യാമറ സ്ഥാപിക്കുകയും അതുവഴി പിൻ ടൈപ്പ് ചെയ്യുന്നതിന്‍റെ വിഡിയോ റെക്കോര്‍ഡ്‌ ചെയുകയും ആ വിഡിയോ മെമ്മറി കാർഡിൽ സൂക്ഷിക്കുകയും പിന്നീട് സിം കാർഡ് വഴി ഫോണിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന ടെക്നോ തന്ത്രമാണ് തിരുവനന്തപുരത്തു നടന്നത്. ഈ ക്യാമറ-ബാറ്ററി-മെമ്മറി കാർഡ്-സിം കാർഡ്  സംവിധാനത്തെ ഏതെങ്കിലും എടിഎം മുറിയിൽ സ്ഥാപിച്ചു കഴിഞ്ഞാൽ ബാക്കിയെല്ലാം എവിടെയിരുന്നു വേണമെങ്കിലും നിയന്ത്രിക്കാമെന്നു സാരം.


Courtesy: Youtube

എടിഎമ്മിൽ സ്ഥാപിച്ചിരിക്കുന്ന സ്കിമ്മർ ആര്‍ക്കും സംശയം വരാത്ത രീതിയിലുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും എടുത്തുകൊണ്ടുപോകാം. അതിനകത്ത് ഓരോ എടിഎം കാർഡിലെയും മാഗ്നറ്റിക് സ്ട്രിപ്പിലുള്ള വിവരങ്ങലടങ്ങുന്നതുകൊണ്ട് അതുപയോഗിച്ച് എത്ര വ്യാജ കാർഡുകള്‍ വേണമെങ്കിലും ഉണ്ടാക്കാം. കൂടാതെ, ക്യാമറ വഴി കിട്ടുന്ന പിന്‍ നമ്പറുമുള്ളത് കൊണ്ട് രാജ്യത്തെ ഏത് എടിഎമ്മിൽ നിന്നു വേണമെങ്കിലും ‘നിയമാനുസൃത’മായെന്ന പോലെ പണം പിൻവലിക്കാന്‍ സാധിക്കും. 

ഇതേ രേത്തിയില്‍  സ്കിമ്മറും ക്യാമറയും ഘടിപ്പിച്ച് എടിഎമ്മിൽ നിന്നും പണം തട്ടിയെടുക്കുന്ന കഥ 2009ല്‍ ഇറങ്ങിയ 'റോബിന്‍ഹൂഡ്' എന്ന  മലയാള ചിത്രത്തില്‍ പൂര്‍ണമായും കാണിച്ചിട്ടുണ്ട്.

Trending News