സാഹസികരെ ഇതിലേ ഇതിലേ... ഹോയ ബസിയു എന്ന പ്രേതവനത്തെക്കുറിച്ച്!

ധൈര്യം തെളിയിക്കാൻ പുറപ്പെട്ടവരും, ഗവേഷകരും, സഞ്ചാരികളും എല്ലാം പല സമയങ്ങളിലായി ഈ കാടുകളിൽ എത്തിയിട്ടുണ്ടെങ്കിലും മറക്കാനാകാത്ത അനുഭവങ്ങളുടെ ഭാരങ്ങൾ പേറിയാണ് അവർ തിരിച്ചുപോയത്. കാട്ടിൽ കയറാൻ ധൈര്യം കാണിച്ചവരിൽ പലർക്കും ഛർദിയും, തലവേദനയും  ചിലർക്ക് ശരീരം പൊള്ളിപ്പോയ അവസ്ഥവരെ നേരിടേണ്ടി വന്നിട്ടുണ്ട്.

Athira KM | Updated: May 30, 2020, 10:08 AM IST
സാഹസികരെ ഇതിലേ ഇതിലേ... ഹോയ ബസിയു എന്ന പ്രേതവനത്തെക്കുറിച്ച്!

ഒരു പ്രേതകഥ പറയട്ടേ? വേണ്ട കഥ വേണ്ട ഒരു കാടിനെകുറിച്ച് പറയാം.പ്രേതകഥയേക്കാൾ പേടിപ്പിക്കുന്നതും, നിഗൂഢതകൾ നിറഞ്ഞതുമായ ഹോയ ബസിയുകാടുൾ.നിഗൂഢവും അജ്ഞാതവുമായ പ്രതിഭാസങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ് റൊമാനിയയിലെ ഹോയ ബസിയു കാടുകൾ. റൊമാനിയ എന്ന് കേട്ടപ്പോൾ ആരെയെങ്കിലും ഓർമ വന്നോ? അതെ അയാൾ തന്നെ റൊമാനിയയിലെ, ട്രാൻസൽവാനിയ അടക്കിവാണിരുന്ന ഡ്രാക്കുള പ്രഭു.

എന്നാൽ നമ്മുടെ കാടിന് ഡ്രാക്കുളയുമായി യാതൊരു ബന്ധവുമില്ല കേട്ടോ.അസാധാരണമായ നിരവധി സംഭവങ്ങളെ തുടർന്നാണ് ബസിയു കാടുകൾ ലോകശ്രദ്ധയിലേക്ക് വരുന്നത്. റുമാനിയക്കാർക്ക് നേരത്തെ പരിചിതമായിരുന്നെങ്കിലും 1968ൽ ഈ കാടുകളിൽ നിന്നും എടുത്ത പറക്കും തളികയുടെ ചിത്രത്തോടെയാണ് ബസിയു ലോകപ്രസിദ്ധമാകുന്നത്.

ബസിയുവിൽ പ്രവേശിക്കുമ്പോൾ തന്നെ സന്ദകർശകരുടെ ഉപബോധമനസിലുള്ള ഭയം പോലും മറനീക്കി പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. കാട്ടിലെ മരങ്ങൾ തമ്മിൽ ഉരയുന്ന ശബ്ദം പോലും നമ്മെ ഭയപ്പെടുത്തും.

ധൈര്യം തെളിയിക്കാൻ പുറപ്പെട്ടവരും, ഗവേഷകരും, സഞ്ചാരികളും എല്ലാം പല സമയങ്ങളിലായി ഈ കാടുകളിൽ എത്തിയിട്ടുണ്ടെങ്കിലും മറക്കാനാകാത്ത അനുഭവങ്ങളുടെ ഭാരങ്ങൾ പേറിയാണ് അവർ തിരിച്ചുപോയത്. കാട്ടിൽ കയറാൻ ധൈര്യം കാണിച്ചവരിൽ പലർക്കും ഛർദിയും, തലവേദനയും  ചിലർക്ക് ശരീരം പൊള്ളിപ്പോയ അവസ്ഥവരെ നേരിടേണ്ടി വന്നിട്ടുണ്ട്.

ബസിയുവിലേക്ക് കുടുംബത്തോടെയും സുഹൃത്തുക്കളുമായും പോയ പലരും ക്യാമറയിലെടുത്ത ചിത്രങ്ങൾ പിന്നീട് നോക്കിയപ്പോഴാണ് ഞെട്ടിയിട്ടുള്ളത്. കൊടുംകാട്ടിൽ തങ്ങളെ കൂടാതെ മറ്റുചില അഥിതികളുമുണ്ടായിരുന്നുവെന്ന തിരിച്ചറിവാണ് അവരെ ഭയപ്പെടുത്തിയത്. നേരിൽ കാണാൻ കഴിയാത്ത പലരൂപങ്ങളും ഇവർ എടുത്ത ഫോട്ടോകളിലുണ്ടായിരുന്നു. മരിച്ചവരുടെ രൂപങ്ങൾ പോലും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെടുന്നവരുണ്ട്.

പകൽ സമയങ്ങളിൽ പോലും  പോകാൻ മടിക്കുന്ന പ്രദേശമാണിത്. ആത്മാവിലും അതീന്ദ്രിയ ശക്തികളിലും വിശ്വസിക്കുന്നവർ ഇത് ആത്മാക്കളുടെ സാന്നിധ്യമുള്ള സ്ഥലമാണെന്നാണ് കരുതുന്നത്. അസാധാരണമായ കാന്തിക പ്രഭാവങ്ങളും ബസിയു കാടുകളിലെ അസാധാരണ പ്രതിഭാസങ്ങള്ക്ക് പുറകിലുണ്ടെന്ന് പറയപ്പെടുന്നു.

റൊമാനിയയുടെ ബർമുഡ ട്രയാംഗിൾ എന്നാണ് വെറും 250 ഹെക്ടർ മാത്രം വിസ്തീർണ്ണമുള്ള ബസിയു വനം അറിയപ്പെടുന്നത്. ബസിയുവിലെ മരങ്ങൾക്കിടയില് നിന്നും അസാധാരണമായവെളിച്ചം വരുന്നതാണ് ഇവിടത്തെ മറ്റൊരു പ്രതിഭാസം. ലോകത്തിലെ നിഗൂഢമായ കാടുകളെക്കുറിച്ച് ബിബിസി 2013 ജനുവരിയില് തയ്യാറാക്കിയ കുറിപ്പിലും ബസിയു സ്ഥാനം പിടിച്ചിരുന്നു.

ബസിയു വനങ്ങൾക്ക് ആ പേര് ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. വർഷങ്ങൾക്ക് മുൻപ് തൻ്റെ ആടുകളെ മേയ്ക്കാനായി ഈ കാട്ടിൽ എത്തിച്ചേർന്ന ആട്ടിടയനെ പിന്നീടാരും കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം ഇരുന്നൂറോളം ആടുകളും കാണാതായി. കാണാതായ ആട്ടിടയന്റെ പേരാണ് ഹോയ ബസിയു. ആ സംഭവത്തിന് ശേഷമാണ് ഈ വനത്തിന് ഹോയ ബസിയു എന്ന പേരുവന്നത്.

വർഷങ്ങൾക്ക് മുൻപ് ഒരു 8 വയസുള്ള ഒരു പെൺകുട്ടിയെയും ഈ കാടുകളിൽ വച്ച് കാണാതായിരുന്നു എന്നും, ഏകദേശം 5 വർഷത്തിന് ശേഷം പെൺകുട്ടി അതെ വസ്ത്രത്തോടെയും, അതേ പ്രായത്തിലും തിരിച്ചുവന്നതായി നാട്ടുകാർ അവകാശപ്പെടുന്നു. ഈ കഥയ്ക്ക് ശേഷം സ്ഥലത്തിന് ടൈം ട്രാവലിംഗുമായി ബന്ധമുണ്ടെന്നും പറഞ്ഞു വരുന്നു.

മിലിറ്ററി ടെക്നിഷ്യനായ എമിൽ ബാർണിയ 1968 ഓഗസ്റ്റ് 18ന് പകർത്തിയ ഒരു ചിത്രത്തോടെയായിരുന്നു ലോകം ഹൊയ്യ ബസിയു കാടുകളെ ശ്രദ്ധിക്കുന്നത്. മരത്തലപ്പുകൾക്കു മുകളിലൂടെ തളികരൂപത്തിൽ എന്തോ ഒന്നു സഞ്ചരിക്കുന്നതിൻ്റെ ഫോട്ടോയായിരുന്നു അത്. പിന്നീട് പലരും ഇത്തരത്തിൽ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയിൽ അസാധാരണമായ വെളിച്ചങ്ങളും കാടിനു മുകളിൽ കണ്ടു. 1960കളിൽതന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകൻ കാട്ടിലെ വെളിച്ചത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഇതുവഴി ഒട്ടേറെ ഫോട്ടോകളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ൽ അദ്ദേഹം അന്തരിച്ച് ദിവസങ്ങൾക്കകം ദുരൂഹസാഹചര്യത്തിൽ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായി.

ഇന്നും ചിരുളഴിക്കാൻ പറ്റാത്ത രഹസ്യങ്ങളാണ് ഹോയ ബാസിയ കാടുകൾ. കാടിന് സമീപത്തു കൂടെ പോകുന്നവർക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്–നാപോക്കയിൽ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ കാലങ്ങളായി വനത്തിലെ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു. കാട്ടിലേക്ക് കയറിയവർക്ക് തിരികെയിറങ്ങുമ്പോൾ അവർക്ക് അത്രയും നേരം ഹൊയ്യ ബസിയുവിൽ എന്തു ചെയ്തെന്ന് ഓർമയുണ്ടാകില്ലെന്നും ചിലർ പറയുന്നു. 

ഹൊയ ബസിയു കാടിൻ്റെ മധ്യഭാഗത്തായുള്ള ഒരു പുൽപ്രദേശമാണ് ടൂറിസ്റ്റുകളുടെ ലക്ഷ്യം. കാട്ടിനകത്ത് അസാധാരണമായ ആകൃതിയിൽ വളരുന്ന മരങ്ങളാണേറെയും. ചിലതിൻ്റെ ശാഖകൾ കരിഞ്ഞിരിക്കുന്നതും കാണാം. പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ട കഥകളുമുണ്ട്. പ്രേതകഥകളിൽ മാത്രം കേട്ടിട്ടുള്ള തരം കൂറ്റൻ ചെന്നായ്ക്കളെ ഉൾപ്പെടെ ഇന്നേവരെ കാണാത്ത തരം മൃഗങ്ങളെ കണ്ടതായും പല ട്രക്കിങ് സംഘങ്ങളും പറഞ്ഞിട്ടുണ്ട്. വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. പൊയിനാ റൂട്ടുണ്ട് എന്നറിയപ്പെടുന്ന ഈ പ്രദേശം കാണാനാണ് ‘ധൈര്യശാലികളായ’ ടൂറിസ്റ്റുകളുടെ വരവ്.

യാതൊന്നും വളർന്നു ‘വലുതാകില്ല’ എന്നതാണ് ഈ വൃത്താകൃതിയിലുള്ള പ്രദേശത്തിൻ്റെ പ്രത്യേകത. എങ്കിലും പ്രദേശം നിറയെ പുല്ല് വളരുന്നുണ്ട്. നിശ്ചിത ഉയരത്തിലേക്ക് വളരില്ലെന്നു മാത്രം. പറക്കുംതളികകൾ ഇറങ്ങുന്ന സ്ഥലമാണിതെന്നാണ് ഒരു നിഗമനം. മറ്റൊരു കൂട്ടർ പറയുന്നത് കാട്ടിലെ ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ആ പ്രദേശത്താണെന്നും.

ട്രാവൽ ചാനലിൻ്റെ  ‘ഗോസ്റ്റ് അഡ്വഞ്ചേഴ്സ്’ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.അതുവരെ കഥയെന്നു കരുതിയിരുന്ന പല കാര്യങ്ങളിലും നേരിയ സത്യമുണ്ടെന്ന് മനസിലായതും ആ പ്രോഗ്രാമോടു കൂടിയാണ്. കാടിന്നകത്തെ അസാധാരണ കാഴ്ചകളും താപവ്യതിയാനവും വെളിച്ചവുമെല്ലാം ചിത്രീകരണ സംഘം പകർത്തി. പക്ഷേ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്നും ആർക്കും നൽകാനായിട്ടില്ല. അത്രയേറെ പഠനങ്ങളും പ്രദേശത്ത് നടത്തിയിട്ടുണ്ട്. എന്തായാലും ലോകത്തിനു മുന്നിൽ ഡ്രാക്കുള കോട്ടയെന്ന വിശ്വാസത്തിനൊപ്പം നിഗൂഢത പരത്തി ഇന്നും നിലകൊള്ളുകയാണ് ഹൊയ ബസിയു. യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ലോക്ക്ഡൌൺ അവസാനിക്കുമ്പോൾ ഒരു യാത്ര ഹോയ ബസുവിലേക്ക് പോയാലോ?