close

News WrapGet Handpicked Stories from our editors directly to your mailbox

ആലപ്പുഴയിലാണോ? ഇളങ്കാവ് ഷാപ്പിലേയ്ക്ക് വിട്ടോളൂ‍; കുടുംബത്തു വന്നു കഴിക്കാം, കള്ളും മീനും!

ആലപ്പുഴയില്‍ കുട്ടനാട് അല്ലാതെ മറ്റെന്താണ് കാണാനും കേള്‍ക്കാനും ഉള്ളതെന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാണ്‌ ഏഷ്യാനെറ്റിന്‍റെ ടിവി പ്രസാദ്‌ സജസ്റ്റ് ചെയ്തത്, 'നേരെ ഇളങ്കാവ് ഷാപ്പിലോട്ട് വിട്ടോ. കിടുക്കനായിരിക്കും!'

Lisha Anna | Updated: Nov 21, 2017, 05:08 PM IST
ആലപ്പുഴയിലാണോ? ഇളങ്കാവ് ഷാപ്പിലേയ്ക്ക് വിട്ടോളൂ‍; കുടുംബത്തു വന്നു കഴിക്കാം, കള്ളും മീനും!
കൌമാരിയമ്മയോടും കുടുംബത്തോടുമൊപ്പം

ആലപ്പുഴയില്‍ കുട്ടനാട് അല്ലാതെ മറ്റെന്താണ് കാണാനും കേള്‍ക്കാനും ഉള്ളതെന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാണ്‌ ഏഷ്യാനെറ്റിന്‍റെ ടിവി പ്രസാദ്‌ സജസ്റ്റ് ചെയ്തത്, 'നേരെ ഇളങ്കാവ് ഷാപ്പിലോട്ട് വിട്ടോ. കിടുക്കനായിരിക്കും!'
പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. ആലപ്പുഴ ചുങ്കം വഴി നേരെ ഇളങ്കാവിലേയ്ക്ക്.

ചെറിയ റോഡിലൂടെ മുന്നോട്ടു പോകുമ്പോള്‍ വലതു വശത്ത് വിശാലമായ കനാലാണ്. ഇടതു ഭാഗത്താണ് ഷാപ്പ്. നാലു പേരടങ്ങുന്ന ഞങ്ങളുടെ സംഘം ബൈക്ക് ഒതുക്കി ഇറങ്ങുന്നതു കണ്ടപ്പോഴേ ഷാപ്പിനു മുന്നില്‍ ആടിയാടി നിന്നിരുന്ന ഒരു ചേട്ടന്‍ വിളിച്ചു പറഞ്ഞു '' പിന്നിലോട്ട് പൊയ്ക്കോ മക്കളെ, ഇവിടെ മുഴുവന്‍ കള്ളുകുടിയന്‍മാരാ! ''

ഷാപ്പിനു പുറകില്‍ വീടാണ്. ഷാപ്പുടമ രാജപ്പനും ഭാര്യ കൌമാരിയും രണ്ടു ആണ്മക്കളും അവരുടെ കുടുംബവുമൊക്കെയായി താമസിക്കുന്ന വീട്. കുടുംബമായി ഊണു കഴിക്കാന്‍ എത്തുന്ന അതിഥികള്‍ക്കുള്ള സല്‍ക്കാരം ഇവിടെയാണ്. വീടിന്‍റെ ഹാളും മുറിയും ഒക്കെയാണ് കുടുംബമായി വരുന്ന ആളുകള്‍ക്ക് ഇരിക്കാനായി ഒരുക്കിയിരിക്കുന്നത്. 

വീടിനുള്ളിലേയ്ക്ക് കയറിയപ്പോള്‍ തന്നെ പല വിധ കറികളുടെ സമ്മിശ്രഗന്ധം മൂക്കിലേയ്ക്ക് അടിച്ചുകയറി. കുട്ടനാടന്‍ കാറ്റ് തൊലിയില്‍ തണുപ്പ് വിരിച്ചിട്ടു.

ഹാളിലെ വലിയ മേശയ്ക്ക് ചുറ്റും ഞങ്ങള്‍ ഇരുന്നപ്പോള്‍ തന്നെ മൂത്തമകന്‍ സുധീറും സഹോദരന്‍ സുഭാഷും രണ്ടു മൂന്നു മുളങ്കുറ്റികള്‍ മുന്നില്‍ കൊണ്ടു വച്ചു. പാല്‍നിറമുള്ള നല്ല കുട്ടനാടന്‍ മധുരക്കള്ള്!

സുധീറും സുഭാഷും

ഒപ്പം തന്നെ മേശപ്പുറത്ത് വിഭവങ്ങള്‍ വന്നു നിരന്നു. മീനും താറാവും കക്കയും പച്ചക്കറികളുമൊക്കെയായി പ്ലേറ്റുകള്‍ നിറഞ്ഞു. കപ്പപ്പുഴുക്ക്, ലൌലോലിക്ക അച്ചാര്‍, ഉപ്പിട്ട് പിഴിഞ്ഞ മാങ്ങാ, ചമ്മന്തി, പയറുപ്പേരി, വരാല്‍ വറുത്തത്, ബീഫ് ഫ്രൈ, താറാവ് കറി, കുടംപുളിയിട്ട മീന്‍കറി..  നാടന്‍ എന്നു വിശേഷിപ്പിക്കാവുന്നതിലുമധികം രുചിയുണ്ട് ഓരോന്നിനും. കഴിച്ചു കഴിച്ച് വയര്‍ ഏകദേശം പൊട്ടുമെന്നായപ്പോള്‍ ഞങ്ങള്‍ തല്ക്കാലത്തേയ്ക്ക് പിന്‍വാങ്ങി. 

കപ്പ, ചപ്പാത്തി, ഊണ്‍, മീന്‍കറി, മീന്‍ വറുത്തത്, താറാവ്, കക്ക ഇറച്ചി, മീന്‍ ഫ്രൈ, കറി, തലക്കറിയൊക്കെയാണ് ഇവിടത്തെ സ്പെഷ്യലെന്ന് മെയിന്‍ കുക്ക് കൌമാരിയമ്മ. കുട്ടനാടന്‍ ജലാശയങ്ങളില്‍ കളിച്ചു വളര്‍ന്ന താറാവും മീനും 
ഒക്കെയാണ് ഇവിടെ മേശപ്പുറത്ത് ഗ്രേവിയില്‍ മുങ്ങിപ്പൊങ്ങിയങ്ങനെ കിടക്കുന്നത്. കക്ക വാരുന്ന ആളുകള്‍ കക്കയിറച്ചി കൊണ്ടു വരും. ചെറുതും വലുതും എല്ലാം കിട്ടും. താറാവ്, കാരിമീന്‍, വരാല്‍, കരിമീന്‍, സിലോപ്പിയ, കൊഞ്ച് ഒക്കെ ഇടയ്ക്ക് കിട്ടുന്നതനുസരിച്ച് സ്പെഷ്യല്‍ ഐറ്റംസ് വേറെയും ഉണ്ടാവും. 

ടൂറിസ്റ്റുകള്‍ അല്ല ഇവിടെ അധികം എത്തുന്നതെന്ന് കുടുംബത്തിലെ മൂത്ത മരുമകള്‍ കവിത. കുടുംബവുമായി എത്തുന്നവരും ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരുമൊക്കെയാണ് ഇവിടത്തെ സ്ഥിരം ആള്‍ക്കാര്‍. മുന്‍പേ നെല്‍ക്കൃഷിയും മീന്‍ കൃഷിയും എല്ലാം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തിരക്ക് കാരണം ഒന്നും ഇല്ല.

ഏകദേശം അന്‍പതു വര്‍ഷത്തെ കഥകളുണ്ട് ഈ ഷാപ്പിനു പറയാന്‍. തുടങ്ങുമ്പോള്‍ ഷാപ്പായിരുന്ന ഇത് ഇടക്കാലത്ത് ഹോട്ടലായി രൂപം മാറുകയും വീണ്ടും തിരിച്ചു ഷാപ്പായി മാറുകയും ചെയ്തു. അത്യാവശ്യം റിസോര്‍ട്ടുകളില്‍ നിന്നുള്ളവരും പാര്‍ട്ടിക്കാരുമെല്ലാം ഇവിടത്തെ പതിവുകാരാണ്. മീന്‍പ്രിയരാണ് വരുന്നവരില്‍ അധികവും. സാദാ കള്ളിന്‍റെ വില തൊണ്ണൂറു രൂപയാണ്. സ്പെഷ്യല്‍ മധുരക്കള്ളിനാവട്ടെ 150 രൂപ മാത്രം.

 

കൌമാരി അമ്മയാണ് ഇവിടെ പ്രധാനമായും പാചകം ചെയ്യുന്നത്. രാജപ്പന്‍റെ മക്കളായ സുധീര്‍, സുഭാഷ്‌ , ഭാര്യമാരായ കവിത, ആശ എന്നിവര്‍ ചേര്‍ന്നാണ് അടുക്കളയില്‍ കൈ സഹായം.സുരേഷ്ഗോപി അടക്കമുള്ള സിനിമാതാരങ്ങളുടെയും പ്രിയപ്പെട്ട ഇടമാണ് ഇത്. 

ഇവിടെയെത്താനുള്ള വഴി ഇങ്ങനെ: 

ആലപ്പുഴ ബസ് സ്റ്റാന്റില്‍ നിന്ന് കിഴക്ക് പോയാല്‍ ചുങ്കം പാലം കാണാം. അവിടുന്ന് നേരെ കിഴക്കോട്ടു ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇളങ്കാവ് ഷാപ്പിലെത്താം.

ഫോണ്‍: 9072303788 സുഭാഷ്‌

                9745862488 സുധീര്‍