ഹണിമൂണാണോ.. എങ്കില്‍ വിട്ടോ മാലിയിലേക്ക്..

വെളളത്തിനടിയിലും ആകാശത്തുമൊക്കെ വച്ച് വിവാഹം നടത്തി ഞെട്ടിക്കുന്ന വിദേശീയര്‍ക്കും മാലിദ്വീപ്‌ ഒരു അത്ഭുത ദ്വീപാണ്.  

Updated: Jan 29, 2019, 03:55 PM IST
ഹണിമൂണാണോ.. എങ്കില്‍ വിട്ടോ മാലിയിലേക്ക്..

മുത്തശ്ശിക്കഥകളിലെ സാങ്കല്‍പ്പിക സൗന്ദര്യം യാഥാര്‍ഥ്യമാക്കി, നീല ജലാശയത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സുന്ദര ദ്വീപാണ് മാലിദ്വീപ്. 

പ്രണയസുന്ദരമായ നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍ മാലി ദ്വീപിലെ നീല പളുങ്കുമണിപ്പോലെയുള്ള ജലാശയത്തിന് കഴിയുമെന്നതും പച്ച പരമാര്‍ത്ഥം. 

വെളളത്തിനടിയിലും ആകാശത്തുമൊക്കെ വച്ച് വിവാഹം നടത്തി ഞെട്ടിക്കുന്ന വിദേശീയര്‍ക്കും മാലിദ്വീപ്‌ ഒരു അത്ഭുത ദ്വീപാണ്.  

ഹണിമൂണിനും, വിവാഹവാര്‍ഷികത്തിനുമൊക്കെ മാലി തിരഞ്ഞെടുക്കുന്ന ദമ്പതികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില ദ്വീപുകള്‍ ഉണ്ട് മാലിയില്‍. 

ഹുല്‍ഹു മാലി (Hulhumalé Island)

മാലിദ്വീപിനോട് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന കൃത്രിമ ദ്വീപാണ് ഹുൽഹു മാലി.  മനോഹരമായ തീരങ്ങളുള്ള ഈ ദ്വീപില്‍  വിനോദസഞ്ചാരികളുടെ വരവ് വളരെ ചുരുക്കമാണ്. ഇതുതന്നെയാണ് ഈ ദ്വീപിനെ  മധുവിധു ആഘോഷത്തിന് ഏറ്റവും അനുയോജ്യമാക്കുന്നതും.

ബിയാധൂ അഥവാ സ്കൂബാ ഡൈവിംഗ് ദ്വീപ്‌ (Biyadhoo Island)

മാലിയുടെ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്‌ മാലിയിലെ മികച്ച ദ്വീപെന്നാണ് അറിയപ്പെടുന്നത്. വാഴ, മാങ്ങ, വെള്ളരി, കാബേജ്, തക്കാളി, തേങ്ങ തുടങ്ങി സസ്യ വളർച്ച ഒരുപാടുള്ള ദ്വീപാണ് ബിയാധൂ.

വൈവിധ്യമാർന്ന ജലസ്രോതസ്സുകളാണ് ഈ ദ്വീപിനെ വളരെ ജനപ്രിയമാക്കി മാറ്റുന്നത്. സ്നോർക്കി൦ഗ്, സ്കൂബാ  ഡൈവിംഗ്, കനോഇ പാഡ്ലിംഗ് തുടങ്ങിയവയ്ക്ക് ഏറെ പേരുകേട്ട ദ്വീപ്‌ കൂടിയാണ് ബിയാധൂ. 

ഫിഹല്‍ഹോഹി ദ്വീപ് (‌Fihalhohi Island)

നീല പളുങ്ക് പോലെ തെളിമ വിതറുന്ന കടലിനു മീതെ തയാറാക്കിയിരിക്കുന്ന ബംഗ്ലാവുകളാണ് ഈ ദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത. വെളളത്തിലുറപ്പിച്ച കാലുകളാണ് ഈ ബംഗ്ലാവുകളെ താങ്ങി നിര്‍ത്തുന്നത്. 

സ്പാ, ഡൈവിംഗ് എന്നിവയ്ക്കും പേരുകേട്ട ദ്വീപാണ് ഫിഹല്‍ഹോഹി. ഇതിനൊപ്പം കടല്‍ തീരത്തേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങും പനയും ദ്വീപിനെ കൂടുതല്‍ മനോഹരമാക്കുന്നു. 

അലിമത (Alimatha Island)

സൂര്യനെ ചുംബിച്ച് നില്‍ക്കുന്ന കടല്‍ തീരങ്ങളാണ് മാലദ്വീപിന്‍റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്‍റെ പ്രത്യേകത. ജലോപരിതല വസ്തുക്കളും, ബീച്ച് ബംഗ്ലാവുകളുമുള്ള ഈ ദ്വീപ്‌ സ്പാ, മസാജിംഗ് എന്നിവയ്ക്കും പ്രസിദ്ധമാണ്. സ്കൂബാ ഡൈവിംഗ്, സ്നോര്‍ക്കലിംഗ് എന്നിവയ്ക്ക് പുറമേ ബോട്ട് യാത്രയ്ക്കും അനുയോജ്യമാണ് അലിമത.  

ഒല്‍ഹുവേലി (Olhuveli)

സാഹസികതയില്ലാതെ തീര്‍ത്തും സമാധാനപരമായി ഹണിമൂണ്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ദ്വീപാണ് ഒല്‍ഹുവേലി. വെളുത്ത മണൽ ബീച്ചില്‍ കാലുകൾ നീട്ടി വെച്ച്, സമുദ്രത്തിലെ അനന്തമായ കാഴ്ചകളെ നോക്കി എത്ര നേരം വേണമെങ്കിലും ഇവിടെ ഇരിക്കാം, തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് സമാധാനമായി വിശ്രമിക്കാന്‍ ഇതിലും നല്ല സ്ഥലം വേറെയില്ല.