കൂടല്‍മാണിക്യം ക്ഷേത്ര യാത്ര

സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ്. പണ്ട് ഇതൊരു ജൈന ക്ഷേത്രമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.    

Ajitha Kumari | Updated: Mar 7, 2020, 09:25 AM IST
കൂടല്‍മാണിക്യം ക്ഷേത്ര യാത്ര

കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തിയിട്ടുണ്ടോ?

ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഭരതന്‍റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യ ക്ഷേത്രം. 

സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ്. പണ്ട് ഇതൊരു ജൈന ക്ഷേത്രമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.  

ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന പ്രത്യേകത.

'മാണിക്യം' എന്ന വിശേഷണം ജൈനരില്‍ നിന്നോ ശിവനില്‍ നിന്നോ വന്നതാവണം എന്നാണ് കരുതപ്പെടുന്നത്. കൂടല്‍ എന്നത് പണ്ട് രണ്ടു നദികള്‍ സംഗമിച്ചിരുന്ന ഇടമായതിനാല്‍ ആകാം എന്നും കരുതപ്പെടുന്നു. ഇങ്ങനെയാണ് കൂടല്‍മാണിക്യം എന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം.

ക്ഷേത്രത്തെക്കുറിച്ചുള്ള ഐതീഹ്യം

ദ്വാരക സമുദ്രത്തില്‍ മുങ്ങിതാണുപോയപ്പോള്‍ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദശരഥി വിഗ്രഹങ്ങള്‍ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തില്‍ ഒഴുകിനടക്കുവാൻ തുടങ്ങിയെന്നും. ഇതിനെക്കുറിച്ച് പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സ്വപ്നദര്‍ശനമുണ്ടായിയെന്നും പിറ്റേദിവസം സമുദ്ര തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവെന്നും ശേഷം അദ്ദേഹം ജോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും (ശ്രീരാമക്ഷേത്രം, തൃപ്രയാർ), കുലീപിനി തീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാ നദിക്കരയിൽ ലക്ഷ്മണക്ഷേത്രവും (ലക്ഷ്മണപെരുമാൾ ക്ഷേത്രം, മൂഴിക്കുളം) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ) എന്നീ ക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്ത് പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം.

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്‍റെ കേന്ദ്രമായിരുന്നുവെന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചുവെന്നും ആ യാഗം ഈ പ്രദേശത്തെ ധന്യമാക്കിയെന്നും വിശ്വാസമുണ്ട്‌. അന്ന് ഉപയോഗിച്ചിരുന്ന ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനി തീർത്ഥങ്ങളിൽ ഇന്നും കാണുന്നതെന്നും വിശ്വാസമുണ്ട്. 

ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ ഇവയാണ്

ക്ഷേത്ര ചരിത്രം പരിശോധിച്ചാല്‍ കേരള ചരിത്രത്തിന്‍റെ മാറ്റങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. രാജശാസനകൾ കൊത്തിവയ്ക്കാൻ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 

എട്ടാം നൂറ്റാണ്ടിലേയും പന്ത്രണ്ടാം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകൾ ഈ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇത് രണ്ടും ശ്രീകോവിലിന്‍റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയിൽ കിടന്നിരുന്നു. ഭക്തന്മാർ ചവിട്ടി നടന്നതിനാൽ ചില അക്ഷരങ്ങൾക്ക് തേയ്മാനം വന്നതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരിൽ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.

സാധാരണ മഹാക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാൽ വാതിൽമാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നുമില്ല.

അതുപോലെ മറ്റ് ക്ഷേത്രങ്ങളിലെ പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു കൂടാതെ ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഇവിടെ ഉത്സവബലിയില്ല ശ്രീഭൂതബലി മാത്രമേ ഉള്ളു. 

ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി, കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.

കേരളീയ വസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. 

ഇവിടത്തെ പ്രത്യേകതകളില്‍ ഒന്നാണ് ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത്. ശ്വാസസംബന്ധമായ രോഗനിവാരണത്തിനായി ക്ഷേത്ര തീർത്ഥത്തിൽ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽ നടത്തുന്ന പുത്തരി നിവേദ്യത്തിന്‍റെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകുമെന്നും വിശ്വാസമുണ്ട്.

കൂടാതെ വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്

ഇവിടത്തെ പ്രതിഷ്ഠ

മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമന്‍റെ സഹോദരനായ ഭരതന്‍റെയാണ് പ്രതിഷ്ഠ. ഉപദേവതകളില്ല. ഏകദേശം ഒരാള്‍ പൊക്കമുണ്ട് വിഗ്രഹത്തിന്.  കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിട്ടുണ്ട്.

കൂടാതെ കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്‍റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ് സങ്കല്‍പം.

ക്ഷേത്ര കുളം

ക്ഷേത്രത്തിന് ചുറ്റും നാല് വലിയ കുളങ്ങള്‍ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള കുലീപിനി തീർത്ഥം കുലീപിനി മഹർഷി ഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായിട്ടാണ് ഐതീഹ്യം.  

ആറാട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. കൂടാതെ ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിശ്വാസം. 

ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായിട്ടുള്ള കുളത്തെ കുട്ടൻ കുളം എന്നാണ് അറിയപ്പെടുന്നത്.

ഇവിടത്തെ ഉത്സവം

മേടമാസത്തിലെ ഉത്രം നാളിലാണ് ഇവിടെ ഉത്സവത്തിന് കോടിയേറ്റം തുടര്‍ന്ന്‍ തിരുവോണം നാളിൽ ആറാട്ടായി അങ്ങനെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കോടി കയറുന്നതിന് മൂന്ന് ദിവസം മുന്‍പേ ശുദ്ധി തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.

തൃശൂര്‍ പൂരത്തിന്‍റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്സവസമയത്ത് ക്ഷേത്രത്തില്‍ 24 മണിക്കൂറും പരിപാടികള്‍ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ ഉണ്ടാകാറുണ്ട്.

മൂന്നു മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും കൂടാതെ വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. 

ഉത്സവത്തിന് പതിനേഴ്‌ ആനകളാണ് പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകും. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ഈ ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

ഇവിടത്തെ പള്ളിവേട്ടയും വളരെ പ്രസിദ്ധമാണ്. കര്‍ക്കിടക മാസത്തിലെ നാലംബല ദര്‍ശനം വളരെ പ്രസിദ്ധമാണല്ലോ. 

ഇവിടുത്തെ പ്രധാന വഴിപാടുകൾ എന്ന്‍ പറയുന്നത് താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക് എന്നിവയാണ്‌. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ്‌ കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്‌. 

കൂടല്‍മാണിക്യം ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരാനുള്ള വഴികള്‍ ഇവയാണ്

ഏകദേശം പത്തു കിലോമീറ്റര്‍ അകലെയാണ് അടുത്തുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. കൂടാതെ 21 കിലോമീറ്റര്‍ അകലെയായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നു.

കൂടാതെ ഏറ്റവും അടുത്തുള്ള വിമാനത്തവളം 40 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്തവളമാണ്.