വേനലവധിയില്‍ ഊരുചുറ്റാന്‍ മികച്ചയിടങ്ങള്‍ ഇവയാണ്

  

Updated: Mar 18, 2018, 04:41 PM IST
വേനലവധിയില്‍ ഊരുചുറ്റാന്‍ മികച്ചയിടങ്ങള്‍ ഇവയാണ്

വേനലവധി സ്പെഷ്യല്‍ ആക്കാന്‍ ആളുകള്‍ റൊമാന്റിക്‌ സ്ഥലങ്ങള്‍ അന്വേഷിക്കാറുണ്ട്.  അതുകൊണ്ട് തന്നെയാണ് ഈ നാല് സ്ഥലങ്ങളെക്കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിങ്ങള്‍ ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമെന്നതില്‍ ഒരു സംശയവുമില്ല.  

1. ഹംപി:

ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി.  ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി.  പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അമ്പലങ്ങള്‍, മന്ദിരങ്ങള്‍, ബസാറുകള്‍ അങ്ങനെ ഒരുപാടുണ്ട് കാഴ്ചകള്‍. ഹംപി ചുറ്റികാണാന്‍ കുറഞ്ഞത്‌ നാല് ദിവസം വേണം.

 

വിരൂപാക്ഷക്ഷേത്രം

ഹംപിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം. ഇത് തുംഗഭദ്രാ നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ ഏറ്റവും പഴയ ഒരു ക്ഷേത്രമാണിത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ഏഴാം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. 

ലോട്ടസ് മഹൽ

രാജ്ഞിയുടെ അന്തഃപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത്, ജൽമഹലിന്‍റെ കിഴക്കുവശത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്‍റെ ഭിത്തികൾ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്‍റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്‍റെ ഭിത്തികളിൽ കാണാം.

2. കശ്മീര്‍:

കശ്മീര്‍ ഒന്ന് ചുറ്റി കാണാന്‍ ആഗ്രഹിക്കാത്തവരോ, സ്വപ്നം കാണാത്തവരോ വിരളമായിരിക്കും.  അവിടത്തെ മഞ്ഞു മലകളും, ശിക്കാര ബോട്ടിങ്ങും ആളുകളെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്നുവെന്ന്തന്നെ പറയാം.  കശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. ഒർ ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയാറാക്കുന്നത്. വേനല്‍ക്കാലത്ത് ഇവിടെ ആപ്പില്‍ തോട്ടങ്ങളും, പച്ചപ്പുകളും കാണാം എന്നാല്‍ തണുപ്പ് കാലത്ത് ഇവിടെ എവിടെയും മഞ്ഞ് മൂടികിടക്കും.

ഏതു കാലത്തും കാശ്മീരില്‍ പോകാം. സമ്മറില്‍ കാശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകി തീര്‍ന്ന് നദികളും തടാകങ്ങളും അരുവികളും തണുത്ത നീല ജലത്താല്‍ സജീവമായിരിക്കും. അസഹനീയമായ ചൂടോ തണുപ്പോ അനുഭവപ്പെടുകയില്ല. 

ഈ കാലഘട്ടത്തിലാണ് കാര്‍ഗിലേക്കും ലേയിലേക്കുമുള്ള റോഡുകള്‍ തുറക്കുന്നത്. പക്ഷെ വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞില്‍കുളിച്ച കാശ്മീര്‍ കാണണമെങ്കില്‍ വിന്ററിലോ അതിനടുത്ത മാസങ്ങളിലോ പോകണം. നല്ല തണുപ്പും ഭൂമിയാകെ മഞ്ഞില്‍കുളിച്ച് മരങ്ങളില്‍ ഇലകളെല്ലാം കൊഴിഞ്ഞ് നദികളില്‍ വെള്ളം കുറവുമാകും.

കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പല്‍ഗാമും ശ്രീനഗറുമാണ്. ശ്രീനഗറില്‍നിന്ന് ഒന്ന് രണ്ട് മണിക്കൂറില്‍ എത്താവുന്ന സ്ഥലങ്ങളാണ് ഇവിടങ്ങള്‍. ശ്രീനഗറില്‍ ഹൗസ്‌ബോട്ടിലും ഥാല്‍ തടാകക്കരകളിലുമായി ഒരുപാട് നല്ല താമസസൗകര്യങ്ങളുണ്ട്. 1500 മുതല്‍ 5000 വരെയാണ് ചാര്‍ജ്.

3. ലക്ഷദ്വീപ്‌:

ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. ഇവിടെ സൂര്യന്‍റെ ചെറിയ ചൂടില്‍ ബീച്ചില്‍ ഇരിക്കുക, ബോട്ടിംഗ് നടത്തുക, കടലില്‍ ഡൈവിംഗ് നടത്തുക, കടലിനടിയില്‍ മെഴുകുതിരിവെട്ടത്തിലെ അത്താഴം അങ്ങിനെ എന്തെല്ലാം.  ഇവിടെ ടൂറിസ്റ്റ്കള്‍ക്ക് 6 ദ്വീപുകളില്‍ മാത്രമേ പ്രവേശനം ഉള്ളു. കടമത്ത്, മിനിക്കോയ്, കവരത്തി, ബംഗാരം, അഗത്തി, കൽപേനി എന്നീ ദ്വീപുകളില്‍ നമുക്ക് പങ്കാളിയുമായി ആസ്വദിക്കാം.  ഇതില്‍ കടമത്ത് ദ്വീപിലെ മറൈന്‍ ലൈഫ് വളരെ ജനപ്രിയമാണ്. ഇവിടെ നിങ്ങള്‍ക്ക് പല തരത്തിലും, നിറത്തിലുമുള്ള സമുദ്ര ജീവികളെ കാണാം.  

ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.   

4. ലഡാക്ക്:

ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലേ,കാർഗിൽ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.

നിങ്ങള്‍ക്ക് കൂടുതല്‍ തണുപ്പുള്ള സ്ഥലത്താണ് പോകാന്‍ ആഗ്രഹമെങ്കില്‍ ലഡാക്കിലേയ്ക്ക് വിട്ടോള്ളൂ.  യാത്രയില്‍ കാണുന്ന ഒഴിഞ്ഞ റോഡും, അതിനടുത്തുള്ള നദിയും, മഞ്ഞിന്‍റെ ഇടയില്‍നിന്നും പതുക്കെ ഒളിഞ്ഞു നോക്കുന്ന സൂര്യനും, മഞ്ഞുകൊണ്ടുള്ള പുതപ്പുമൂടി കിടക്കുന്ന പര്‍വ്വതങ്ങളുമൊക്കെ നമുക്ക് രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചകളാണ്. 

ഗ്രാന്‍ഡ്‌ ഡ്രാഗൺ ലഡാക്ക്, ദി ജയിന്‍ ലഡാക്ക് അല്ലെങ്കില്‍ ഗോമിംഗ് ബോട്ടിക് ഹോട്ടൽ എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് താമസിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യാം.  ഇവിടെപോയാല്‍ ജാൻസ്കാർ വാലി നിങ്ങള്‍ തീര്‍ച്ചയായും കാണണം.