close

News WrapGet Handpicked Stories from our editors directly to your mailbox

ശൈത്യം പുതച്ച് സഞ്ചാരികളുടെ സ്വന്തം ഡ്രീം സിറ്റി!

പുതുവര്‍ഷത്തിലേയ്ക്ക് മിഴികള്‍ തുറക്കുമ്പോള്‍ മഞ്ഞിന്‍റെ വെളുത്ത കമ്പളം നീക്കി ആകാശം മെല്ലെ ഉണര്‍ന്നു വരികയാണ്.

Updated: Jan 2, 2018, 04:35 PM IST
ശൈത്യം പുതച്ച് സഞ്ചാരികളുടെ സ്വന്തം ഡ്രീം സിറ്റി!

പുതുവര്‍ഷത്തിലേയ്ക്ക് മിഴികള്‍ തുറക്കുമ്പോള്‍ മഞ്ഞിന്‍റെ വെളുത്ത കമ്പളം നീക്കി ആകാശം മെല്ലെ ഉണര്‍ന്നു വരികയാണ്. സാന്താക്രൂസ് ഒബ്സര്‍വേറ്ററിയില്‍ തണുപ്പിന്‍റെ തോത് 14.1 ഡിഗ്രി സെല്‍ഷ്യസെന്ന് കാണിക്കുന്നു. സ്വപ്നങ്ങളുടെ ഈ ഭൂമിയില്‍ ഇത്തവണ അനുഭവപ്പെട്ടത് ശൈത്യകാലത്തിന്‍റെ ഏറ്റവും താഴ്ന്ന താപം. 

മുംബൈയുടെ വടക്കന്‍ ഭാഗത്ത് വീശുന്ന ശൈത്യക്കാറ്റിന്‍റെ ഫലമായാണ് ഇത്തവണ തണുപ്പ് കൂടുതലെന്ന് കാലാവസ്ഥാവ്യതിയാനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ഹോസലികാര്‍ പറയുന്നു. മുംബൈയില്‍ മാത്രമല്ല, മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും താപനില കുറയാന്‍ സാദ്ധ്യതയുണ്ട്. കുറച്ചു ദിവസങ്ങള്‍ കൂടി ഇങ്ങനെ തുടര്‍ന്ന ശേഷം താപനില ഉയരുമെന്ന് അധികൃതര്‍ പറയുന്നു. 

ഉത്തരേന്ത്യയില്‍ ശൈത്യം കനത്തു കഴിഞ്ഞു. ജമ്മു കാശ്മീരിലെ ലേയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് -14.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. 

ചൊവ്വാഴ്ച പലയിടങ്ങളിലും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടത്. മഹാബലേശ്വറില്‍ 12.8 കാണിച്ചപ്പോള്‍ ഗോണ്‍ഡിയയില്‍ 8.5 ഡിഗ്രിയായിരുന്നു താപനില. നാഗ്പൂരില്‍ 11.8, നാസികില്‍ 8.2, പൂനെയില്‍ 10.8 എന്നിങ്ങനെയുമായിരുന്നു താപനില രേഖപ്പെടുത്തിയത്. 

ഇതുവരെയുള്ള റെക്കോഡുകളില്‍ മുംബൈയിലെ താപനില ഏറ്റവും താഴ്ന്നത് 1962 ജനുവരി 22 നായിരുന്നു. അന്ന് 7.4ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. 

ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട കാലമാണ് മുംബൈയിലിപ്പോള്‍. അതിശൈത്യം മൂലം ഉത്തരേന്ത്യയിലേയ്ക്ക് വരാന്‍ പറ്റുന്നില്ലെങ്കില്‍ വിഷമം വേണ്ട. മുംബൈയുടെയും മഹാരാഷ്ട്രയിലെ മറ്റു സ്ഥലങ്ങളുടെയും മനോഹാരിത ആസ്വദിക്കാന്‍ അപ്പോള്‍ പോവുകയല്ലേ?

ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 

1. കാൻഹേരി ഗുഹകൾ

മുംബൈയുടെ പ്രാന്തപ്രദേശമായ ബോരിവലിയിൽ സ്ഥിതിചെയ്യുന്ന പാറകൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളുടെ കൂട്ടമാണ്‌ കാൻഹേരി ഗുഹകൾ. സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്കിന്റെ കാടുകളുടെ ഉള്ളിൽ ഉള്ള ഈ ഗുഹകൾ മെയിൻ ഗേറ്റിൽനിന്നും 6 കിലോമീറ്ററും ബോരിവലി സ്റ്റേഷനിൽനിന്നും 7 കിലോമീറ്ററും അകലെയാണ്. രാവിലെ 9 മണി മുതൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. ഇന്ത്യൻ കലാരൂപങ്ങളിലും സംസ്കാരങ്ങളിലും ബുദ്ധ ചിന്താഗതിയുടെ സ്വാധീനം കാൻഹേരി ഗുഹകളിൽ കാണാൻ സാധിക്കും. കറുത്ത മല എന്ന് അർത്ഥം വരുന്ന സംസ്കൃത പദമായ കൃഷ്ണഗിരിയിൽനിന്നുമാണ് കാൻഹേരി എന്ന പേര് വന്നത്. [1] വലിയ ബസാൾട്ടിക് പാറയിൽനിന്നും കൊത്തിയെടുത്തവയാണ് ഇവ.

2. ലോനാവാല 

പുണെ ജില്ലയിൽ വരുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല (മറാഠി: लोणावळा). പുണെ പട്ടണത്തിൽ നിന്നും ഏകദേശം 64 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത. മുംബൈ പട്ടണത്തിൽ നിന്നും ഏകദേശം 96 കി.മി ദൂരത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്. മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തിന് ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കുന്നു. മുംബൈ - പൂണെ എക്പ്രസ്സ് ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഇവിടെ മൺസൂൺ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര കാലം തുടങ്ങുന്നത്.

3. അലിബാഗ് 

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് റായ്ഗഡ് ജില്ലയിലാണ് ഈ പട്ടണം. മുംബൈ നഗരത്തിനോട് വളരെ അടുത്തുകിടക്കുന്നതാണ് ഈ നഗരം ഗാര്‍ഡന്‍ ഓഫ് അലിയെന്നതാണ് അലിബാഗ് എന്ന വാക്കിനര്‍ത്ഥം. അലി ഇവിടെ ഒട്ടേറെ മാവുകളും തെങ്ങുകളും മറ്റും വച്ചുപിടിപ്പിച്ചതിനാലാണത്രേ സ്ഥലത്തിന് ഈ പേരുവീണത്.

മഹാരാഷ്ട്രയുടെ ഗോവയെന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ് അലിബാഗ്. അധികം മലിനീകരിക്കപ്പെടുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യാത്തതാണ് ഇവിടുത്തെ ബീച്ചുകള്‍. ഇവിടുത്തെ ബീച്ചില്‍ നിറയെ കറുത്തമണലാണ്. അതിനാല്‍ത്തന്നെ സ്വസ്ഥതയും ഏകാന്തതയും ആഗ്രഹിച്ചെത്തുന്നവരുടെ പ്രധാനകേന്ദ്രമാണിത്. 

4. മതേരന്‍

മുംബൈയുടെ കിഴക്ക് ഭാഗത്തായാണ് മതേരന്‍ സ്ഥിതി ചെയ്യുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക ഹില്‍സ്റ്റേഷനാണ് മ‌തേരന്‍. അതിനാല്‍ തന്നെ ഇവിടെയെത്തുന്ന സഞ്ചാ‌രികള്‍ക്ക് മലിനീകരിക്കപ്പെടാത്ത ശു‌ദ്ധ‌വായു ശ്വസിക്കാം. മഹാരാഷ്ട്രയിലെ മറ്റു ഹില്‍സ്റ്റേഷന്‍ പോലെ തന്നെ സഹ്യാദ്രിയുടെ സൗന്ദര്യമാണ് മതരേനിലേക്ക് സഞ്ചാരികളെ ആകര്‍ഷി‌ക്കുന്ന മറ്റൊരു കാര്യം. ഇതിനായി മു‌പ്പത്താറോളം വ്യൂ പോയിന്റുകള്‍ ഇവിടെയുണ്ട്.

5. ചിപ്ലൂന്‍

മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് ചിപ്ലൂന്‍ എന്ന ഈ സുന്ദരനഗരം സ്ഥിതി ചെയ്യുന്നത് . മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. പൂനെയുടെയും കോല്‍ഹാപൂരിന്‍റെയും സമീപത്തു കൂടിയാണ് ചിപ്ലൂന്‍.

വഷിഷ്ടി നദിയുടെ തീരത്താണ് ചിപ്ലൂന്‍ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഈ നദിയില്‍ ബോട്ട് യാത്ര സ്ഥിരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൊച്ചു നഗരത്തിന്‍റെ കിഴക്ക് ഭാഗത്ത്‌ പശ്ചിമ ഘട്ടവും പടിഞ്ഞാറു ഭാഗത്ത്‌ അറബിക്കടലുമാണ്.