close

News WrapGet Handpicked Stories from our editors directly to your mailbox

മട്ടണ്‍ ദോശയും സാമ്പാറും, ഒരു അഡാറ് ലവ് സ്റ്റോറി !

ഡല്‍ഹിയില്‍ കറങ്ങാന്‍ വരുന്ന എല്ലാ ദോശപ്രേമികളുടെയും ശ്രദ്ധക്ക്! മട്ടണും സാമ്പാറും പ്രേമപൂര്‍വം ചുണ്ടുകോര്‍ക്കുന്ന തീന്‍മേശകള്‍ നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.

Seena Antony | Updated: Feb 14, 2018, 06:57 PM IST
മട്ടണ്‍ ദോശയും സാമ്പാറും, ഒരു അഡാറ് ലവ് സ്റ്റോറി !

പ്രണയം പോലെയാണ് ചില ഭക്ഷണത്തിന്‍റെ കോമ്പിനേഷനുകള്‍. ഇവരെങ്ങനെ ചങ്കില്‍ കൊരുത്തെന്ന് ചോദിച്ചാല്‍ ഒരു പിടീം കിട്ടില്ല. അങ്ങനെയൊരു പിടി കിട്ടാത്ത കോമ്പിനേഷനാണ് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലെ മട്ടണ്‍ ദോശയും സാമ്പാറും. 

പ്രണയവും രാഷ്ട്രീയവും എന്ന് വേണ്ട ഈ അണ്ഡകടാഹത്തിലുള്ള സകലതിനെക്കുറിച്ചും സമാധാനത്തോടെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കാന്‍ പറ്റിയ സ്ഥലമാണ് കൊണാട്ട് പ്ലേസിലെ ഖാദി സ്റ്റോറിന് അടുത്തുള്ള മോഹന്‍ സിംഗ് പ്ലേസിലെ ഇന്ത്യന്‍ കോഫി ഹൗസ്. ഒരു ചായ കുടിച്ചാല്‍ പോലും പോക്കറ്റ് കീറുന്ന യമണ്ടന്‍ കോഫി ഷോപ്പുകളുടെ ഇടയില്‍ ഒട്ടും ആഡംഭരങ്ങളില്ലാതെ, നഗരത്തിന്‍റെ തിരക്കിനിടയില്‍ ധ്യാനിച്ചു നില്‍ക്കുന്ന ഒരു ആല്‍മരം പോലെ പടര്‍ന്നു വിരിഞ്ഞു നില്‍ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ കാപ്പിക്കട. 

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ വിശാലമായ മട്ടുപ്പാവില്‍ മേശകളും കസേരകളുമിട്ട് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍, ഇത്തവണ പോയപ്പോള്‍ ഭക്ഷണം നല്‍കുന്നത് അകത്തുള്ള രണ്ട് ഹാളുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ചാണ് ഓപ്പണ്‍ ടെറസില്‍ ഭക്ഷണം  നല്‍കുന്നത് അവസാനിപ്പിച്ചതെന്ന് ഓര്‍ഡര്‍ എടുക്കാന്‍ വന്ന നീലക്കണ്ണുകളുള്ള ഭയ്യ പറഞ്ഞു. എങ്കിലും, വിശാലമായ ടെറസില്‍ വര്‍ത്തമാനം പറഞ്ഞും പുക വിട്ടും സൗഹൃദക്കൂട്ടങ്ങള്‍ ചേക്കേറുന്നുണ്ട്. 

എല്ലാ ഇന്ത്യന്‍ കോഫി ഹൗസിലേയും പോലെ ഇവിടെയുമുണ്ട് മസാലദോശകള്‍. ഒരു ചെറിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. സംഭവം നോണ്‍ വെജാണ്. മട്ടണ്‍ മസാല സ്റ്റഫ് ചെയ്ത ദോശ. കൂടെ, സാമ്പാറും നല്ല തേങ്ങാ ചട്നിയും. തണുപ്പുകാലത്ത് ദോശ നമ്മുടെ നാട്ടിലെ പോലെ പുളിയ്ക്കില്ല എന്ന പ്രശ്നം ഒഴിച്ചാല്‍ ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു ഐറ്റം ആണ് മട്ടണ്‍ ദോശ. വില 98 രൂപ. 

വിശന്ന് കണ്ണു കാണാതെ ചെന്നിരിക്കുമ്പോള്‍ വേഗത്തില്‍ കിട്ടണമെന്ന് വാശിയുള്ളവര്‍ ജാഗ്രതൈ. ഇവിടെ ഓര്‍ഡര്‍ എടുക്കാന്‍ തൊപ്പി വച്ച ഭയ്യമാര്‍ എത്തുവാന്‍ കുറച്ചു സമയം എടുക്കും. രണ്ട് ഹാളിലുമായി ഓടിനടന്ന് ഭക്ഷണം നല്‍കാന്‍ കുറച്ച് പേരേ ഉള്ളൂ. പക്ഷേ, ഒരു കാര്യമുണ്ട്. ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ നിമിഷ നേരത്തിനുള്ളില്‍ ഐറ്റംസ് എല്ലാം മേശയിലേക്ക് പറന്നെത്തും. 

ഡല്‍ഹിയില്‍ കറങ്ങാന്‍ വരുന്ന എല്ലാ ദോശപ്രേമികളും അപ്പോള്‍ നമ്മുടെ കോഫി ഹൗസിനെ മറക്കണ്ട. മട്ടണും സാമ്പാറും പ്രേമപൂര്‍വം ചുണ്ടുകോര്‍ക്കുന്ന തീന്‍മേശകള്‍ നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.