വിടുകളിൽ സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് ജ്വലിപ്പിക്കണമെന്നാണ് പ്രമാണം.
സന്ധ്യകളിൽ ദീപം കത്തിക്കേണ്ടതിന്റെ ആവശ്യകത, വിളക്ക് കൊളുത്തേണ്ട ദിശ, തിരികളുടെ എണ്ണം ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്.
സന്ധ്യയാകുന്നതോടെ അന്ധകാരം കടന്നുവരും. ഇരുൾ കടന്നുവരും. തമസ് കടന്നു വരും.
ഈ സമയത്ത് അന്തരീക്ഷത്തിനൊപ്പം തന്നെ ഒരോ മനുഷ്യ മനസ്സിലും ഇരുൾ പരക്കും. അശുഭോർജ്ജം നിറയും.
ഈ ഇരുളിനെ നെഗറ്റീവ് ഊർജ്ജത്തിന്റേയും അശുഭത്തിന്റെയും, തിൻമയുടെയും പ്രതീകമായാണ് സങ്കല്പിക്കപ്പെടുന്നത്.
ഈ സമയത്ത് വീടുകളിലേക്ക് മൂതേവി അഥവാ മൂച്ചേട്ട കടന്നു വരും എന്നാണ് വിശ്വാസം.
അതിനുമുമ്പേ ഗൃഹത്തിൽ വെളിച്ചം പരത്തുകയാണ് സന്ധ്യയ്ക്ക് ഒരു നാഴികമുമ്പേ വിളക്ക് കൊളുത്തുന്നതിന്റെ പിന്നിലെ തത്വം.
അതുവഴി തിൻമയെ ഗൃഹത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, നൻമയുടെ പ്രതീകമായി കരുതിപ്പോരുന്ന പ്രകാശത്തെ, ശ്രീദേവിയെ വീട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും.