പേര മരം ഇല്ലാത്ത വീടുകൾ കുറവായിരിക്കും അല്ലെ? ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക.
ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി അത്യാവശ്യമാണ്.
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളിൽ നിന്നും സംരക്ഷിക്കും. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ കാൻസർ കോശങ്ങളെ നിർവീര്യമാക്കാനും കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്കയ്ക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നുണ്ട്.
പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയും. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഉയർന്ന ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കും. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് പ്രത്യേകിച്ചും സഹായകരമായിരിക്കും.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വികസനം സുഗമമാക്കുകയും അവയിൽ ഉണ്ടാകുന്ന ന്യൂറോളജിക്കൽ ഡിസോർഡർ തടയുകയും ചെയ്യും.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്ക്ക വിശപ്പ് കുറയ്ക്കുക മാത്രമല്ല മെറ്റബോളിസവും വർദ്ധിപ്പിക്കും. മറ്റ് പഴങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.