'വെള്ളംകുടി' അമിതമായി, 5000 ഒട്ടകങ്ങളെ കൊന്നൊടുക്കി

ഒട്ടകങ്ങളുടെ അമിത ജലപാനം ജന ജീവിതത്തിന് ഭീഷണിയായി, 5000 ഒട്ടകങ്ങളെ വെടിവച്ചു കൊന്നു. 

Sheeba George | Updated: Jan 14, 2020, 05:58 PM IST
'വെള്ളംകുടി' അമിതമായി, 5000 ഒട്ടകങ്ങളെ കൊന്നൊടുക്കി

സിഡ്നി: ഒട്ടകങ്ങളുടെ അമിത ജലപാനം ജന ജീവിതത്തിന് ഭീഷണിയായി, 5000 ഒട്ടകങ്ങളെ വെടിവച്ചു കൊന്നു. 

കാട്ടുതീ ആളിപ്പടരുന്നതിനിടെയാണ് തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നത്. ഒട്ടകങ്ങളുടെ അമിത ജലപാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെയാണ് അധികൃതര്‍ ഈ തീരുമാനം കൈക്കൊണ്ടത്. 

കാട്ടുതീയ്ക്ക് പിന്നാലെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ഒട്ടകങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവയെ കൊന്നൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിയും സര്‍ക്കാര്‍ നടത്തിയിരുന്നു. ഈ ദൗത്യത്തിലാണ് 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഒട്ടക ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഒട്ടകങ്ങളെ കൊന്നത്. 

ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ മൃഗസംരക്ഷണ പ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെ ഇല്ലാതാക്കേണ്ടത് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ 480 മില്ല്യന്‍ മൃഗങ്ങളാണ് കൊല്ലപ്പെട്ടത്.