പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച് 82 കാരി!

പ്രായം എണ്‍പത്തിരണ്ടായി എങ്കിലും ഇപ്പോഴും വര്‍ക്കൗട്ട് ചെയ്യുന്നതില്‍ പുള്ളിക്കാരിയ്ക്ക് ഒരു മടിയുമില്ല.   

Ajitha Kumari | Updated: Nov 25, 2019, 12:26 PM IST
പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച് 82 കാരി!

ന്യൂയോര്‍ക്ക്: വയസ്സിലോന്നും കാര്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ എണ്‍പത്തിരണ്ടുകാരിയായ ബോഡി ബില്‍ഡര്‍.

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും നടന്ന സംഭവമാണ്. മറ്റൊന്നുമല്ല തനിക്ക് വയസ്സായിന്നും പറഞ്ഞ് വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ ഒന്ന് പഞ്ഞിക്കിട്ടു അത്രേയുള്ളൂ.

പ്രായം എണ്‍പത്തിരണ്ടായി എങ്കിലും ഇപ്പോഴും വര്‍ക്കൗട്ട് ചെയ്യുന്നതില്‍ പുള്ളിക്കാരിയ്ക്ക് ഒരു മടിയുമില്ല. അങ്ങനെ വര്‍ക്കൗട്ട് ചെയ്തശേഷം ഭക്ഷണവും കഴിച്ച് ഉറങ്ങാന്‍ പോയതായിരുന്നു ന്യൂയോര്‍ക്ക് സ്വദേശിയായ വില്ലി മര്‍ഫി (Willie Murphy).

ഏതാണ്ട് ഒരു പതിനൊന്നുമണി ആയപ്പോഴേക്കും ഒരു യുവാവ് എത്തി വില്ലിയുടെ വാതിലില്‍ മുട്ടുകയും തനിക്ക് സുഖമില്ല ആശുപത്രിയില്‍ പോകാന്‍ ഒന്ന് ആംബുലന്‍സ് വിളിച്ചു തരുമോ എന്ന് ആവശ്യപ്പെടുകയും ചെയ്തു. 

അതിനെതുടര്‍ന്ന്‍ ആംബുലന്‍സ് വിളിക്കുവാനായി ഫോണെടുക്കുവാന്‍ വില്ലി പോയ അവസരത്തില്‍ യുവാവ്‌ വാതില്‍ പൊളിച്ച് അകത്തേയ്ക്ക് കയറുകയായിരുന്നു. 

കാര്യം മനസ്സിലായ വില്ലി പിന്നൊന്നും നോക്കിയില്ല താന്‍ ആരാണെന്ന് ശരിക്കും യുവാവിന് മനസ്സിലാക്കിക്കൊടുത്തു. അക്ഷരാര്‍ത്ഥത്തില്‍ യുവാവിനെ വില്ലി പഞ്ഞിക്കിട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഒടിഞ്ഞ മേശകൊണ്ടാണ് വില്ലി ആദ്യം യുവാവിനെ നേരിട്ടത്. അടിയേറ്റ് നിലത്തുവീണ യുവാവിന്‍റെ മേല്‍ കയറിയിരുന്ന വില്ലി അയാളുടെ മുഖത്തേയ്ക്ക് ഷാമ്പൂ ഒഴിക്കുകയും തുടര്‍ന്ന്‍ ചൂലെടുത്ത് പോതിരെ തല്ലുകയും ചെയ്തു. 

ഒടുവില്‍ വൃദ്ധയെന്നുകരുതി വില്ലിയെ കീഴടക്കാന്‍ വന്ന യുവാവിന് സ്വയം കീഴടങ്ങേണ്ടി വന്നു. തുടര്‍ന്ന്‍ വില്ലി പൊലീസില്‍ വിവരം അറിയിക്കുകയും യുവാവിനെ കൈമാറുകയും ചെയ്തു.