ഇന്ത്യ വംശീയ വിദ്വേഷത്തിന്‍റെ നാട്, മോദി അതിന്‍റെ ശില്പി!

വിവാഹിതരാകാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച മകനാണ് താനെന്നും മാതാവ് ഒറ്റയ്ക്കാണ് തന്നെ വളര്‍ത്തിയതെന്നും ആതിഷ് പറഞ്ഞു. 

Last Updated : Nov 14, 2019, 09:46 AM IST
ഇന്ത്യ വംശീയ വിദ്വേഷത്തിന്‍റെ നാട്, മോദി അതിന്‍റെ ശില്പി!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീര്‍!

വംശീയ വിദ്വേഷത്തിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയുടേയും രാഷ്ട്രീയ വൈരങ്ങളുടേയും നാടാണ് ഇന്ത്യയെന്നും മോദി അതിന്‍റെ ശില്‍പിയാണെന്നുമാണ് ആതിഷ് പറഞ്ഞത്. 

ന്യൂയോര്‍ക്കില്‍ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥിതിയ്ക്കനുസരിച്ച്  എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ രക്ഷിതാക്കളുടെ കാര്യം മറച്ചുവെച്ചിട്ടില്ലെന്നും 2000ത്തില്‍ തന്‍റെ മാതാവുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ സമര്‍പ്പിച്ചതാണെന്നും ആതിഷ് പറഞ്ഞു. 

വിവാഹിതരാകാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച മകനാണ് താനെന്നും മാതാവ് ഒറ്റയ്ക്കാണ് തന്നെ വളര്‍ത്തിയതെന്നും ആതിഷ് പറഞ്ഞു. 

പൂര്‍വ്വവൈരാഗ്യത്തിന്‍റെ പേരില്‍ ഒരു പരിഷ്‌കൃത രാജ്യത്തിന്റെ സര്‍ക്കാര്‍ പെട്ടെന്ന് മുന്നോട്ടു വന്ന് ആവശ്യമില്ലാത്ത രേഖകള്‍ ചോദിക്കുന്നു എന്ന് അദ്ദേഹം പരിഹസിച്ചു. 

മോദിയെ ഭിന്നിപ്പിന്‍റെ തലവനെന്ന് വിശേഷിപ്പിച്ച് ഫീച്ചര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ് ആതിഷ് തസീര്‍. 

പശുവിന്‍റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ആതിഷ് തന്‍റെ ലേഖനത്തില്‍ പറഞ്ഞിരുന്നു. 

2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി വിമർശിച്ചു.

മോദിയെ ദീര്‍ഘവീക്ഷണമുള്ള കൗശലക്കാരനായും വിവാദ രാഷ്ട്രീയക്കാരനായുമായിരുന്നു 2012ല്‍ ടൈംസ് വിശദീകരിച്ചിരുന്നത്.

റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ആതിഷിന്‍റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തുകയും സ്‌ക്രീന്‍ ഷോട്ട് സഹിതം വ്യാജപ്രചാരണങ്ങള്‍ നടത്തുകയു൦ ചെയ്തിരുന്നു. 

ബ്രിട്ടീഷ് പൗരനായ ആതിഷിന്‍റെ വിക്കിപീഡിയ പേജില്‍, അദ്ദേഹം കോണ്‍ഗ്രസിന്‍റെ പി.ആര്‍ മാനേജര്‍ ആണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത്, റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നു. 

കൂടാതെ, ലേഖകനായ ആതിഷ് പാക്‌ സ്വദേശിയാണെന്ന ആരോപണവുമായി ബിജെപി വക്താവ് സംബിത് പാത്രയും രംഗത്തെത്തിയിരുന്നു. 

ഇന്ത്യന്‍ പൗരനായ ആതിഷ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക തവ്ലീന്‍ സിംഗിന്‍റെയും പാകിസ്ഥാനി രാഷ്ട്രീയ നേതാവ് സല്‍മാന്‍ തസീറിന്‍റെയും മകനാണ്. 

ഇതേ തുടര്‍ന്ന് ആതിഷ് തസീറിന്‍റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ആതിഷിന്‍റെ പിതാവ് പാക്കിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയത്.

Trending News