സിറിയയിലെ സംയുക്ത വ്യോമാക്രമണത്തെ പ്രകീര്‍ത്തിച്ച് ട്രംപിന്‍റെ ട്വീറ്റ്

ദൗത്യം വിജയകരം എന്നാണ് വ്യോമാക്രമണത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. 

Updated: Apr 14, 2018, 07:50 PM IST
സിറിയയിലെ സംയുക്ത വ്യോമാക്രമണത്തെ പ്രകീര്‍ത്തിച്ച് ട്രംപിന്‍റെ ട്വീറ്റ്

വാഷിംഗ്ടണ്‍: സിറിയയില്‍ നടത്തിയ സംയുക്ത വ്യോമാക്രമണത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്. 'ദൗത്യം വിജയകരം' എന്നാണ് വ്യോമാക്രമണത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. 

 'കൃത്യമായി നടപ്പാക്കിയ ആക്രമണമാണ് കഴിഞ്ഞ രാത്രി നടന്നത്. ഫ്രാന്‍സ്, ബ്രിട്ടണ്‍... സൈനിക സഹായത്തിനും വിവരങ്ങള്‍ക്കും നന്ദി. നിങ്ങളുടെ സഹായമില്ലാതെ ഇത്രയും നല്ല ഫലം ലഭ്യമാകില്ലായിരുന്നു. ദൗത്യം വിജയകരം,' പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 

'അമേരിക്കന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് എക്കാലത്തേയും മികച്ച സൈനിക ശക്തിയാക്കി അമേരിക്ക മാറിക്കഴിഞ്ഞു. ഈ സൈനികശക്തിക്ക് അടുത്തെത്താനോ കിടപിടക്കാനോ മറ്റൊന്നില്ല,' ട്രംപ് കുറിച്ചു. 

 

 

റഷ്യയുടെ സിറിയക്ക് നല്‍കുന്ന പിന്തുണയെ വെല്ലുവിളിച്ച് സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്ത വ്യോമാക്രമണം നടത്തിയിരുന്നു. പ്രാദേശിക സമയം രാവിലെ നാല് മണിക്ക് ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ രാസായുധ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. 

ആക്രമണത്തെ സിറിയന്‍ ഭരണകൂടം അപലപിച്ചു. എന്നാല്‍ സൈനിക നടപടിയുടെ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ട്രംപിന്‍റെ ട്വീറ്റ്.