ഫാഷന്‍ ലോകത്ത് താരമായി ഇരട്ട കുട്ടികള്‍!

തങ്ങൾ നേരിട്ട വിവേചനങ്ങളിൽ നിന്നുള്ള മോചനം കൂടിയാണ് ഇവര്‍ക്ക് ഫാഷൻ ലോകത്തേയ്ക്കുള്ള ഈ ചുവടുവയ്പ്പ്.

Sneha Aniyan | Updated: Nov 5, 2018, 05:42 PM IST
ഫാഷന്‍ ലോകത്ത് താരമായി ഇരട്ട കുട്ടികള്‍!

ഫാഷന്‍ രംഗത്ത് താരങ്ങളായി ഇരട്ടകളായ റോസ് മരിയയും ക്രിസ്റ്റീനയും. ആല്‍ബുമിനിസം എന്ന രോഗാവസ്ഥയെ തോല്‍പ്പിച്ചാണ് ഫാഷൻ രംഗത്ത് ഇവര്‍ തങ്ങളുടെ ഇടം കണ്ടെത്തി മുന്നേറുന്നത്.  

നിറങ്ങളെ പ്രണയിക്കുന്നവരാണ് ന്യൂയോര്‍ക്ക് സ്വദേശികളും ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥികളുമായ ഈ ഇരട്ടകൾ. 

തങ്ങൾ നേരിട്ട വിവേചനങ്ങളിൽ നിന്നുള്ള മോചനം കൂടിയാണ് ഇവര്‍ക്ക് ഫാഷൻ ലോകത്തേയ്ക്കുള്ള ഈ ചുവടുവയ്പ്പ്.

തങ്ങളെ ഏറെ വ്യത്യസ്തമായാണ് ദൈവം സൃഷ്ടിച്ചതെന്ന് പറയാനാണ് ഇരുവര്‍ക്കും ഇഷ്ടം. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷമാണ് ഇവരുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായത്. 

നിറത്തിലുണ്ടായ വ്യത്യാസം പലപ്പോഴും ഇവരെ പൊതു ഇടങ്ങളില്‍ നിന്നുപോലും മാറ്റി നിര്‍ത്തിയിരുന്നു.അല്‍ബിനിസം കാരണം ഏറെ സമയം സൂര്യപ്രകാശം ഏല്‍ക്കാന്‍  സാധിക്കാത്ത ഇരുവര്‍ക്കും കാഴ്ചശക്തിയും കുറവാണ്. 

ഇരുവരും തങ്ങളുടെ ഈ നിറത്തില്‍ അഭിമാനിക്കുന്നുവെന്ന് പറയുമ്പോഴും, അല്‍ബിനിസത്തിന്‍റെ പേരില്‍ ഒരുകാലത്ത് നേരിട്ട വിവേചനമാണ് അവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 

അമേരിക്കയില്‍ ഇരുപതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ശരീരത്തില്‍ മെലാനിന്‍റെ അളവിലുണ്ടാകുന്ന വ്യത്യാസമായ അല്‍ബിനിസം ബാധിക്കുന്നത്. 

ശരീരവും മുടിയും നന്നേ വെളുപ്പ് നിറമാകുന്നതാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം.  രോഗാവസ്ഥക്ക് മുന്നില്‍ പതറാതെ കരുത്താകുന്ന ഈ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മുന്നേറ്റം മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നാണ്.