close

News WrapGet Handpicked Stories from our editors directly to your mailbox

ബ്രസീല്‍ ആദ്യ വനിത പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി

ബജറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് ബ്രസീലിലെ  ആദ്യ വനിത പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി. ദില്‍മ ദേശീയ ബജറ്റില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്‌മെന്‍റില്‍ 81 സെനറ്റര്‍മാരില്‍ 61പേരും ദില്‍മയ്ക്കെതിരായി വോട്ട് ചെയ്തു. ഇതോടെ ബ്രസീലില്‍ 13 വര്‍ഷം നീണ്ട ഇടതു ഭരണത്തിനാണ് വിരാമമായത്. 

Updated: Sep 1, 2016, 03:12 PM IST
ബ്രസീല്‍ ആദ്യ വനിത പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി

റിയോ ഡെ ജനീറോ: ബജറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് ബ്രസീലിലെ  ആദ്യ വനിത പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി. ദില്‍മ ദേശീയ ബജറ്റില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്‌മെന്‍റില്‍ 81 സെനറ്റര്‍മാരില്‍ 61പേരും ദില്‍മയ്ക്കെതിരായി വോട്ട് ചെയ്തു. ഇതോടെ ബ്രസീലില്‍ 13 വര്‍ഷം നീണ്ട ഇടതു ഭരണത്തിനാണ് വിരാമമായത്. 

ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ ദില്‍മ സസ്‌പെന്‍ഷനിലായിരുന്നു. ഇംപീച്ച്‌മെന്റ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 68കാരിയായ ദില്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.

തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ വലതുപക്ഷത്തിന്റെ അട്ടിമറിനീക്കമെന്നാണ് ദില്‍മ വിശേഷിപ്പിച്ചിരുന്നത്. തിങ്കളാഴ്ച സെനറ്റില്‍ അവര്‍ നടത്തിയ 14 മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, താന്‍ നിരപരാധിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. രണ്ടു ദശാബ്ദക്കാലത്തെ സൈനിക ഭരണത്തിനുശേഷം 1985 ല്‍ പുനസ്ഥാപിക്കപ്പെട്ട ബ്രസീലിയന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായി തനിക്കെതിരായ ഇംപീച്ച്‌മെന്റിനെ അവര്‍ വിശേഷിപ്പിക്കുകയും ചെയ്തു. 

2014ല്‍ രാജ്യം ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിയമ വിരുദ്ധ വായ്പകള്‍ ഉപയോഗിച്ച്‌ ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ ദില്‍മ മറച്ചുവച്ചെന്നാണ് ആരോപണം.ദില്‍മയ്ക്കു പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് എട്ടു വര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ഇന്ന്‍ സെനറ്റില്‍ വീണ്ടും വോട്ടെടുപ്പു നടക്കും.

ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 13 വര്‍ഷം നീണ്ട ഭരണത്തിനാണ് ദില്‍മയുടെ പുറത്താക്കലിലൂടെ അന്ത്യമായത്. ഇടക്കാല ബ്രസീല്‍ പ്രസിഡന്റിന്‍റെ ചുമതല മൈക്കല്‍ ടെമറാണ് വഹിക്കുന്നത്. അതേസമയം ടെമര്‍ ഉള്‍പ്പെടെ നിരവധി എംപിമാരും ഉദ്യോഗസ്ഥരും പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുകയാണ്.