അഴിമതി ആരോപണത്തില്‍ മുങ്ങി നെതന്യാഹു; തെളിവുണ്ടെന്ന് ഇസ്രായേല്‍ പൊലീസ്

അഴിമതിക്കേസിൽ കുറ്റം ചുമത്താവുന്ന തെളിവുകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ലഭിച്ചുവെന്ന് ഇസ്രായേൽ പൊലീസിന്‍റെ വെളിപ്പെടുത്തൽ. 

ANI | Updated: Feb 14, 2018, 01:43 PM IST
അഴിമതി ആരോപണത്തില്‍ മുങ്ങി നെതന്യാഹു; തെളിവുണ്ടെന്ന് ഇസ്രായേല്‍ പൊലീസ്

ജറുസലേം: അഴിമതിക്കേസിൽ കുറ്റം ചുമത്താവുന്ന തെളിവുകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ലഭിച്ചുവെന്ന് ഇസ്രായേൽ പൊലീസിന്‍റെ വെളിപ്പെടുത്തൽ. 

കൈക്കൂലി, കൃത്രിമത്വം കാണിക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതായി ഇസ്രായേൽ പൊലീസ് വെളിപ്പെടുത്തി. നെതന്യാഹുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ചു. 

ചില കോടീശ്വരൻമാർക്ക്​ ചെയ്​തുകൊടുത്ത ഉപകാരത്തിന്​ വൻ വിലവരുന്ന ചുരുട്ടും ആഭരണങ്ങളും സമ്മാനങ്ങളായി സ്വീകരിച്ചുവെന്നാണ് ആരോപണങ്ങളില്‍ ഒന്ന്. കൂടാതെ ഇസ്രായേലിലെ പ്രമുഖ പത്രവുമായി നെതന്യാഹു രഹസ്യധാരണയില്‍ ഏര്‍പ്പെട്ടിരുന്നെന്നും ആരോപണമുണ്ട്. വിമത പത്രമായ ഇസ്രായേലി ഹയോം എന്ന പത്രത്തിന്‍റെ സ്​റ്റാറ്റസ്​ കുറച്ചാൽ നെതന്യാഹുവിനെ പ്രകീർത്തിക്കുന്ന വാര്‍ത്തകള്‍ കൂടുതല്‍ നല്‍കാമെന്ന പ്രമുഖ ഇസ്രായേലി പത്രത്തിന്‍റെ നിര്‍ദേശം നെതന്യാഹു സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നെതന്യാഹു തള്ളി. സത്യം പുറത്തുവരുമെന്നും ദൈവം സഹായിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും ജയിക്കുമെന്നും നെത്യാഹു പ്രതികരിച്ചു.