• 0/542 TARGET 272
  • BJP+

    0BJP+

  • CONG+

    0CONG+

  • OTH

    0OTH

Full coverage

തായ്​ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ

തായ്​ലാന്‍ഡില്‍ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച രണ്ട് കുട്ടികളില്‍ അണുബാധയുള്ളതായി റിപ്പോര്‍ട്ട്. 

Updated: Jul 10, 2018, 01:17 PM IST
 തായ്​ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ

മെസായി: തായ്​ലാന്‍ഡില്‍ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച രണ്ട് കുട്ടികളില്‍ അണുബാധയുള്ളതായി റിപ്പോര്‍ട്ട്. 

ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ അണുബാധ ഉള്ളതായി കണ്ടെത്തിയത്. കൂടാതെ, ഒരു കുട്ടിക്ക് പനിയുള്ളതായും മറ്റൊരു കുട്ടിയുടെ കണങ്കാലിന് പരിക്കുള്ളതായും ചിയാങ്റായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കുട്ടികള്‍ക്ക് ആന്‍റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചോകദാംറോണ്‍സക് അറിയിച്ചു.

രണ്ടാം ദൗത്യത്തില്‍ പുറത്തെത്തിച്ച നാല് കുട്ടികളില്‍ ചിലര്‍ക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതൊഴിച്ചാല്‍ മറ്റ് രോഗ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

കുട്ടികളെ രക്തം, ശ്വാസകോശത്തിന്‍റെ എക്സ് റേ, കണ്ണുകള്‍, മാനസികനില എന്നീ പരിശോധനകള്‍ക്ക് വിധേയരാക്കുകയും കുട്ടികളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണം കൂടാതെ, കുട്ടികള്‍ ആവശ്യപ്പെട്ട ബ്രെഡും ചോക്ലേറ്റും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ഗ്ലാസ് വാതിലിന് പുറത്ത് നിന്ന് കാണാനും ഫോണില്‍ സംസാരിക്കാനുമുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാഴ്ചയോളം ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കുട്ടികള്‍ക്ക് സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സണ്‍ ഗ്ലാസുകള്‍ നല്‍കിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചതിന് ശേഷം നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് പതിമൂന്ന് പേരില്‍ ഏറ്റവും ആരോഗ്യം കുറഞ്ഞവരെയാണ് ആദ്യം പുറത്തിറക്കിയത്. ആരോഗ്യനില അനുസരിച്ചാണ് കുട്ടികളെ പുറത്തിറക്കുന്നത്. 

ഞായറാഴ്ച വൈകിട്ടോടെയാണ് 13 അംഗ സംഘത്തില്‍ നാല് കുട്ടികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച നാല് കുട്ടികളെ കൂടി മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. 

തായ് ഗുഹയില്‍ അവശേഷിക്കുന്ന കോച്ച് ഉള്‍പ്പടെയുള്ള അഞ്ച് പേരെ പുറത്തെത്തിക്കാനുള്ള മൂന്നാംഘട്ട ദൗത്യം ആരംഭിച്ചു കഴിഞ്ഞു. ഇവരെയും ഇന്നുതന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് ദൗത്യസംഘം.

കനത്ത മഴ തുടക്കത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരാന്‍ സംഘം തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത മഴ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാവരെയും ഇന്നുതന്നെ ഗുഹയ്ക്ക് പുറത്ത് എത്തിക്കാനാണ് ദൗത്യസംഘത്തിന്‍റെ ശ്രമം.