പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായി ചൈന... വരുന്നു ബ്യൂബോണിക് പ്ലേഗ് ...!!

  കൊറോണ വൈറസിനും  മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍നിന്നും  അടുത്ത പകര്‍ച്ചവ്യാധി വരുന്നു....  

Last Updated : Jul 7, 2020, 02:58 PM IST
പകര്‍ച്ചവ്യാധികളുടെ  പ്രഭവകേന്ദ്രമായി ചൈന... വരുന്നു ബ്യൂബോണിക് പ്ലേഗ് ...!!

ബെയ്ജിംഗ്:  കൊറോണ വൈറസിനും  മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍നിന്നും  അടുത്ത പകര്‍ച്ചവ്യാധി വരുന്നു....  

ബ്യൂബോണിക് പ്ലേഗാണ്  ചൈനയില്‍ നിന്നു൦ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ചൈനയിലെ  ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു.      

ഇതേത്തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതിനായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

ബയന്നൂരിലെ ഒരു ആശുപത്രിയിലാണ് ശനിയാഴ്ച ബ്യുബോണിക് പ്ലേഗ് കേസ് റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്.  നഗരത്തില്‍ ആളുകള്‍ക്ക് പ്ലേഗ് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ സ്വയം രക്ഷാര്‍ഥം സുരക്ഷാനടപടികള്‍ സ്വീകരിക്കണം.  അസ്വാഭാവികമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്നും  മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൂന്ന് ഇനം പ്ലേഗുകളില്‍ ഒന്നാണ്  ബ്യുബോണിക് പ്ലേഗ്.   ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടതോടെ ആശങ്കയിലാണ്  ആരോഗ്യപ്രവര്‍ത്തകര്‍.  14 -ാം നൂറ്റാണ്ടില്‍ ലോകത്തെ തന്നെ ഭയപ്പെടുത്തിയ് ഒന്നാണ്  ബ്യുബോണിക് പ്ലേഗ്.

മൃഗങ്ങളില്‍ കാണപ്പെടുന്ന ചെള്ളുകളില്‍ നിന്നാണ് ബ്യുബോണിക് പ്ലേഗ് പടരുന്നത്. കൃത്യമായി പാകം ചെയ്യാത്ത രോഗബാധയുള്ള ജീവിയുടെ മാംസം ഭക്ഷിക്കുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്.

മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കോശ വ്യവസ്ഥയെയാണ് യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ ബാധിക്കുന്നത്. നിലവില്‍ ഈ രോഗത്തിന് വാക്‌സിനുകള്‍ ലഭ്യമല്ല. സ്‌റ്റെപ്‌റ്റോമൈസിന്‍, ജെന്റാമൈസിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിങ്ങനെയുള്ള ആന്റിബയോട്ടിക്കുകള്‍ രോഗത്തിന് ഫലപ്രദമാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ 30 മുതല്‍ 90 ശതമാനം വരെ ആളുകള്‍ മരിക്കാനിടയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ 24 മണിക്കൂര്‍ കൊണ്ടു രോഗബാധിതന്  മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. 
  
ലോകത്തെ ഭീതിയിലാക്കിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങള്‍ പോരടുമ്പോഴാണ്‌  ചൈനയില്‍ പ്ലേഗ് എന്ന ഗുരുതര മഹാമാരിയും  ഉടലെടുത്തിരിക്കുന്നത്.  

Trending News