കൊറോണ വൈറസ്: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും, ഫാങ് ബിന്നും.  

Last Updated : Feb 10, 2020, 01:22 PM IST
  • കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും, ഫാങ് ബിന്നും.
  • ഇവരില്‍ ചെന്‍ ക്വിഷിയെയാണ് ഇപ്പോള്‍ കാണാനില്ലയെന്ന്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
കൊറോണ വൈറസ്: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

ബെയ്ജിംഗ്: കൊറോണ വൈറസിന്‍റെ തീവ്രതയും ജാഗ്രതയും ലോകത്തെ അറിയിച്ച ചൈനീസ്‌ സിറ്റിസണ്‍ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.

കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും, ഫാങ് ബിന്നും. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നത്.

പല വീഡിയോകളും ട്വിറ്ററിലും യുട്യൂബിലും ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇവരില്‍ ചെന്‍ ക്വിഷിയെയാണ് ഇപ്പോള്‍ കാണാനില്ലയെന്ന്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇയാളെ കാണാതായിട്ട്  20 മണിക്കൂറുകളായി എന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിക്കുള്ളിലെ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം പകര്‍ത്തിയതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ദിവസം ഫാങ്ങിന്‍റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കൊറോണ വൈറസ് ആഗോള തലത്തില്‍ തന്നെ വളരെ ഭീതി പടര്‍ത്തിയിരിക്കുകയാണ്.  വൈറസിന്റെ തീവ്രതയും ജാഗ്രതയും ലോകത്തെ അറിയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. 

ഈ സമയത്ത് വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ കാണാനില്ലയെന്ന വാര്‍ത്ത കൂടതല്‍ ആശങ്കയുളവാക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.

Trending News