കൊറോണ: ചൈനയില്‍ മരണസംഖ്യ 1335 കവിഞ്ഞു; ഇന്നലെ മരിച്ചത് 242 പേര്‍

14, 840 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60000 ആയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  

Ajitha Kumari | Updated: Feb 13, 2020, 08:27 AM IST
കൊറോണ: ചൈനയില്‍ മരണസംഖ്യ 1335 കവിഞ്ഞു; ഇന്നലെ മരിച്ചത് 242 പേര്‍

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1335 കടന്നതായി റിപ്പോര്‍ട്ട്. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 242 പേരാണ്.

14, 840 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60000 ആയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  ഇതില്‍ 48, 206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.

ഇതിനിടയില്‍ വിദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ജപ്പാനില്‍ 203 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ കഴിയുന്നവരാണ്. 

ലോക വ്യാപകമായി കൊറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കിയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.

രോഗം എവിടെക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് അറിയിച്ചു.

ഇതിനിടയില്‍ കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്‌-19 എന്നാക്കിയിട്ടുണ്ട്. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്.