മുള്ളന്‍പന്നിക്കൊപ്പം കളി; എട്ടിന്‍റെ പണികിട്ടി നായയ്ക്ക്

മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാന്‍ പോയതാണ് ബര്‍ണാഡ് എന്ന ന്യൂയോര്‍ക്കിലെ ഒരു നായ.  

Updated: Nov 6, 2018, 04:18 PM IST
മുള്ളന്‍പന്നിക്കൊപ്പം കളി; എട്ടിന്‍റെ പണികിട്ടി നായയ്ക്ക്

ന്യൂയോര്‍ക്ക്: മുള്ളന്‍പന്നിയോട് കൂട്ടുകൂടാന്‍ പോയി എട്ടിന്‍റെ പണി വാങ്ങിയ ഒരു നായയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൂടാന്‍ പറ്റുന്നവരോട് വേണം കൂടാന്‍എന്ന് പണ്ടുള്ളവര്‍ പറയറുണ്ടെങ്കിലും ആരും ചെവിക്കൊള്ളില്ല എന്നത് വലിയൊരു സത്യമാണ്.

അങ്ങനെ പുതിയ കൂട്ട് തേടി പോയതിന് കിട്ടിയ ശിക്ഷയെന്നാണ് സോഷ്യല്‍ മീഡിയ നായയുടെ ഇപ്പോഴത്തെ അവസ്ഥയെ കളിയാക്കി പറയുന്നത്. മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാന്‍ പോയതാണ് ബര്‍ണാഡ് എന്ന ന്യൂയോര്‍ക്കിലെ ഒരു നായ. എന്നാല്‍ കളിക്കുന്നത് മുള്ളന്‍പന്നിയോടാണെന്ന് പാവം അറിഞ്ഞില്ല. 

കളിക്കാനെത്തിയ ബര്‍ണാഡിന്‍റെ ദേഹം മുഴുവന്‍ മുള്ള് തെറിപ്പിച്ചാണ് മുള്ളന്‍പന്നി കളി തുടങ്ങിയത്. കളി കഴിഞ്ഞപ്പോഴേക്കും മുഖത്തും വായക്കകത്തുമായി മുള്ളു തറച്ചു കയറാത്ത ഒരിടം പോലും ബാക്കിയില്ല. മുള്ള് കുത്തി കയറി ദയനീയാവസ്ഥയിലായ ബര്‍ണാഡിനെ ഉടനെ ന്യൂയോര്‍ക്കിലെ നായകള്‍ക്കായുള്ള പ്രാദേശിക ഷെല്‍റ്ററിലെത്തിച്ചു.

തുടര്‍ന്ന് വെറ്റിനറി ഡോക്ടറുടെയും വിദഗ്ധരുടെയും സഹായത്തോടെ നായയുടെ വായിലും മുഖത്തും തറച്ചുകയറിയ മുള്ളുകള്‍ നീക്കം ചെയ്തു. വളരെ സുരക്ഷിതമായാണ് മുള്ളുകള്‍ നീക്കം ചെയ്തതെന്ന് ബര്‍ണാഡിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മുള്ളുകളെല്ലാം മാറ്റിയതോടെ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ബര്‍ണാഡ്. ഇനി പരിചയമില്ലാത്തവരുമായി കൂട്ടുകൂടാന്‍ പോകുന്നതിന് മുന്‍പ് ബര്‍ണാഡ് നന്നായിട്ട് ആലോചിക്കും എന്നതില്‍ സംശയമില്ല.