അബുദാബി: ആരോഗ്യപ്രവർത്തകർക്കായി 15 മില്യൺ ദിർഹത്തിന്റെ (ഏകദേശം 37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് മെനയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്‌സ്. അബുദാബി ഇത്തിഹാദ് അരീനയിൽ നടന്ന വാർഷിക ടൗൺ ഹാൾ യോഗത്തിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് 8,500-ലധികം ജീവനക്കാരെ സാക്ഷിയാക്കി ഈ പ്രഖ്യാപനം നടത്തിയത്.
ബുർജീൽ ഹോൾഡിങ്‌സ് അതിന്റെ അടുത്ത വളർച്ചാ ഘട്ടമായ ‘ബുർജീൽ 2.0’-ലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി, രൂപീകരിച്ച 'ബുർജീൽ പ്രൗഡ്' പദ്ധതിയുടെ കീഴിലാണ് ഈ പുരസ്‌കാരം നൽകുന്നത്. മികച്ച സേവനം കാഴ്ചവെക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകർക്ക് കരുത്തും പ്രോത്സാഹനവും നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഗ്രൂപ്പിന് കീഴിലെ ഏകദേശം 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭിക്കും. അർഹരായ ജീവനക്കാർക്ക് അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ അര മാസത്തെ മുതൽ ഒരു മാസത്തെ വരെയുള്ള അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയാണ് നൽകുക.
ഡോ. ഷംഷീർ വയലിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, ആരോഗ്യപ്രവർത്തകരുടെ മൊബൈലുകളിലേക്ക് എത്തിയ സർപ്രൈസ് എസ്എംഎസിലൂടെയാണ് സാമ്പത്തിക അംഗീകാരത്തെക്കുറിച്ച് അവർ അറിയുന്നത്. അപ്രതീക്ഷിതമായ ഈ വാർത്ത പലരെയും വികാരാധീനരാക്കി. ഈ തുക ഉടൻതന്നെ ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകുമെന്ന് ഡോ. ഷംഷീർ അറിയിച്ചതോടെ കൈയടികളോടെയാണ് ആരോഗ്യപ്രവർത്തകർ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
"യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ലായ ഫ്രണ്ട്ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിത്. ഇവരാണ് രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും, സമ്മർദ്ദങ്ങൾക്ക് നടുവിലും മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം," ഡോ. ഷംഷീർ പറഞ്ഞു.
ബുർജീലിന്റെ വളർച്ചയിൽ യുഎഇ നൽകിയ പിന്തുണയും പ്രചോദനവും അകമഴിഞ്ഞതാണെന്നും രാജ്യത്തിന്റെ നേതൃത്വം നൽകുന്ന ദിശാബോധമാണ് പുരോഗതിയുടെ അടിത്തറയെന്നും ഡോ. ഷംഷീർ പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ബുർജീൽ ഹോൾഡിങ്‌സിന് 14,000-ത്തിലധികം ജീവനക്കാരാണുള്ളത്.
സ്വപ്‍ന പദ്ധതി പ്രഖ്യാപനം
ബുർജീൽ ഹോൾഡിങ്‌സിന്റെ അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും സമ്മേളനത്തിൽ ഡോ. ഷംഷീർ വ്യക്തമാക്കി. ചികിത്സാ മികവ്, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, രോഗീ പരിചരണം എന്നിവയിലൂന്നിയുള്ള വളർച്ചയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയെ (ബിഎംസി) 2030 -ഓടെ ഒരു നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റി എക്കോസിസ്റ്റം ആക്കി മാറ്റാനുള്ള പദ്ധതിയും ഡോ. ഷംഷീർ അവതരിപ്പിച്ചു. സങ്കീർണ പരിചരണത്തിൽ നിരവധി നാഴികക്കല്ലുകൾ ഇതിനകം ബുർജീൽ മെഡിക്കൽ സിറ്റി നേടിയിട്ടുണ്ട്. വരും വർഷങ്ങളിൽ പരമ്പരാഗത ആശുപത്രി മാതൃകയിൽ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യ, സങ്കീർണ പരിചരണം, ആരോഗ്യ വിദ്യാഭ്യാസം, പുനരധിവാസം, ദൈനംദിന ജീവിതത്തിന്റെ സൗകര്യങ്ങൾ എന്നിവയെല്ലാമുൾപ്പെടുന്ന സംയോജിത ആരോഗ്യ പരിചരണ ആവാസവ്യവസ്ഥയായി ബിഎംസി വിപുലീകരിക്കുകയാണ് ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









