)
103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ദുബായി പോലീസ്. ഇതോടെ മുൻവർഷത്തെ അപേക്ഷിച്ച് സൈബർ-സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് അറിയിച്ചു. ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹരേബ് മുഹമ്മദ് അൽ ഷംസിയുടെ അധ്യക്ഷതയിൽ നടന്ന പ്രകടന വിലയിരുത്തൽ യോഗത്തിലാണ് കണക്കുകൾ അവലോകനം ചെയ്തത്. എന്നാൽ കൃത്യമായ കണക്കുകൾ പോലീസ് പുറത്തുവിട്ടില്ല.
ഫീൽഡ് പ്രവർത്തനങ്ങൾ, മുൻകരുതലിനായി അന്വേഷണങ്ങൾ, പൊതുജന ബോധവൽക്കരണ കാമ്പെയ്നുകൾ, പ്രത്യേക വിഭാഗങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം എന്നിവയാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണമെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിനും പുതിയ ഭീഷണികൾ തിരിച്ചറിയുന്നതിനും ഡാറ്റ വിശകലനത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് അവ മുൻകൂട്ടി കണ്ട് തടയാൻ ഇത് ഉദ്യോഗസ്ഥരെ സഹായിച്ചു.
യുഎസിൽ 2.1 ബില്യൺ ഡോളർ നഷ്ടപ്പെട്ടു
സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ യുഎഇയിൽ മാത്രമല്ല രാജ്യവ്യപകമായി നടക്കുന്നുണ്ട്. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) കണക്കുകൾ പ്രകാരം യുഎസിൽ പണം നഷ്ടമായ 30 ശതമാനം തട്ടിപ്പുകളും സോഷ്യൽ മീഡിയ തട്ടിപ്പുകളാണ്. ഇതിലൂടെ ഏകദേശം 2.1 ബില്യൺ ഡോളറാണ് നഷ്ടമായത്. 2020-ൽ രേഖപ്പെടുത്തിയ തുകയുടെ എട്ടിരട്ടിയാണ് ഇത്. ഷോപ്പിംഗ് തട്ടിപ്പുകളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തട്ടിപ്പുകൾ പലവിധം
സോഷ്യൽ മീഡിയ ആപ്പുകൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിലാണ് 103 അക്കൗണ്ടുകൾക്കെതിരെയുള്ള നടപടി.
തൊഴിൽ, റെസിഡൻസി, സന്ദർശക വിസകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജൂലൈ 18-ന് ദുബൈ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലൈസൻസില്ലാത്ത കമ്പനികളുടെ പേരുകൾ ഉപയോഗിച്ചും ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ ആൾമാറാട്ടം നടത്തിയുമാണ് തട്ടിപ്പുകാർ ഇരകളുടെ പണം തട്ടിയെടുത്തത്.
സമാനമായി വിലക്കുറവിൽ യാത്രാ പാക്കേജുകൾ നൽകുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ ലൈസൻസുള്ള സ്ഥാപനങ്ങൾ വഴി മാത്രം ബുക്ക് ചെയ്യാനും വെബ്സൈറ്റുകൾ പരിശോധിക്കാനുമുള്ള നിർദേശമായിരുന്നു നൽകിയത്.
ജൂൺ 16നായിരുന്നു ഹെൽത്ത് ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരെ നിർദേശം നൽകിയത്. കുറഞ്ഞ വിലയിൽ പോളിസികൾ പരസ്യപ്പെടുത്തി, കമ്പനിയോ ബ്രോക്കറോ യു.എഇയിൽ ലൈസൻസുള്ളതാണെന്ന് പറഞ്ഞാണ് ഇരകളോട് പണം കൈമാറാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടത്.
വിസ തട്ടിപ്പുകൾ
ദുബൈയിലെ റെസിഡൻസി അതോറിറ്റിയും അനധികൃത വിസ, റെസിഡൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇത്തരത്തിലുള്ള തട്ടിപ്പുകൾ കണ്ടെത്തി നടപടി സ്വീകരിച്ചതായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ജൂണ്‍ മാസത്തില്‍ വ്യക്തമാക്കിയത്.
എങ്ങനെ പരാതി നൽകാം?
വ്യക്തിവിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുതെന്നും സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മേജർ ജനറൽ അൽ ഷംസി യുഎഇ താമസക്കാർക്ക് നിർദേശം നൽകി. പണം കൈമാറുന്നതിന് മുൻപ് സ്ഥാപനം ലൈസൻസുള്ളതാണെന്ന് ഔദ്യോഗിക മാർഗങ്ങളിലൂടെ ഉറപ്പുവരുത്തണം. ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് പരാതികൾ ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, ഇ-ക്രൈം (eCrime) പ്ലാറ്റ്ഫോം അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.