പദവി ദുരുപയോഗം ചെയ്തു; ജഡ്ജിക്ക് തടവ് ശിക്ഷ!

ഒരു കേസിന്‍റെ വിവരങ്ങള്‍ ബന്ധുവിന് നല്‍കിയതിനാണ് ട്രേസിക്ക് തടവ് ശിക്ഷ വിധിച്ചത്.  

Last Updated : Jul 23, 2019, 04:54 PM IST
പദവി ദുരുപയോഗം ചെയ്തു; ജഡ്ജിക്ക് തടവ് ശിക്ഷ!

ഓഹിയോ: പദവി ദുരുപയോഗം ചെയ്ത മുന്‍ ജഡ്ജിക്ക് തടവ് ശിക്ഷ. അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിന്നാട്ടി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

ട്രേസി ഹണ്ടര്‍ എന്ന മുന്‍ ജുവനൈല്‍ കോടതി ജഡ്ജിയെയാണ് തടവിന് ശിക്ഷിച്ചത്. ശിക്ഷാവിധി കേട്ട് ആക്രമിക്കാനെത്തിയവര്‍ക്കിടയില്‍ നിന്നും മുന്‍ ജഡ്ജിയെ പൊലീസ് തൂക്കിയെടുത്താണ് ജയിലിലേക്ക് കൊണ്ടുപോയത്.

ഒരു കേസിന്‍റെ വിവരങ്ങള്‍ ബന്ധുവിന് നല്‍കിയതിനാണ് ട്രേസിക്ക് തടവ് ശിക്ഷ വിധിച്ചത്. 2013ല്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന് പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടി ഉള്‍പ്പെട്ട കേസിന്‍റെ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ട്രേസിക്കെതിരായ ആരോപണം. 

ആരോപണം തെളിഞ്ഞതോടെ ഇവരെ ജഡ്ജി പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും താന്‍ സഹോദരനെ സഹായിച്ചിട്ടില്ലെന്നുമായിരുന്നു ട്രേസി കോടതിയില്‍ വാദിച്ചത്.

വിധികേട്ട ശേഷം പോലീസുകാര്‍ക്കൊപ്പം പോകാതെ നിന്ന ട്രേസിയ്ക്ക് നേരെ കോടതിയില്‍ വിധികേട്ട് നിന്നവര്‍ പഞ്ഞെത്തിയതോടെയാണ്‌ ഇവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്.

ഹാല്‍മിട്ടണിലെ കോടതിയില്‍ 2010 ല്‍ ജഡ്ജിയായി നിയമിതയായ ട്രേസി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ ആളായിരുന്നു.

Trending News