മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കൂ; ഭാഗ്യം വഴിയെ പോരും

ജനനനിരക്ക് വളരെ താഴ്ന്നുപോയതിനാലാണ് ഈ പുതിയ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ ഇറ്റലി സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

Updated: Nov 8, 2018, 10:24 AM IST
മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കൂ; ഭാഗ്യം വഴിയെ പോരും

പണ്ടൊക്കെ വീട് നിറച്ചും കുട്ടികളായിരുന്നു. എന്നാല്‍ ഇന്ന് ജനസംഖ്യ ചുരുക്കാനും അല്ലെങ്കില്‍ സ്വന്തം സാമ്പത്തിക നില നോക്കിയോ ആളുകള്‍ കുഞ്ഞുങ്ങളുടെ എണ്ണം ചുരുക്കി തുടങ്ങി. അത് ആദ്യം നാം രണ്ട് നമുക്ക് രണ്ടെന്നും ഇപ്പോള്‍ നാം ഒന്ന് നമുക്ക് ഒന്ന് എന്ന നിലയില്‍ ആവുകയും ചെയ്തു എന്ന് തന്നെ പറയാം. 

അതുകൊണ്ട് തന്നെ മൂന്നാമത് ഒരു കുഞ്ഞ് സത്യത്തില്‍ ഒരു പേടിയാണ്. എന്നാല്‍ ഇനി നിങ്ങള്‍ പേടിക്കണ്ടാ ഒന്നല്ല മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കു ഭാഗ്യം വഴിയെ പോരും. ഞെട്ടണ്ടാ, സത്യമാണ് മൂന്നാമത് കുഞ്ഞുണ്ടായാല്‍ വന്‍ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാകുകയാണ് ഇറ്റലി. 

ഇന്ത്യ, ചൈന, അമേരിക്ക, ബ്രസീല്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ വര്‍ധനവ് ആണ് പ്രശ്നമെങ്കില്‍ ജനസംഖ്യ കുറവാണ് ഇറ്റലിയിലെ പ്രശ്നം.

ജനനനിരക്ക് വളരെ താഴ്ന്നുപോയതിനാലാണ് ഈ പുതിയ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ ഇറ്റലി സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്കായി ആനുകൂല്യങ്ങളില്ലാത്തതും, തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കായുള്ള സൗകര്യമില്ലാത്തതുമെല്ലാം ജനനനിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. 

മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ കൃഷിഭൂമി നല്‍കുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യ താഴുന്നതിനൊരു പരിഹാരമായി മാത്രമല്ല ഈ സഹായം. കൃഷി ചെയ്യാതെ കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കൂടിയാണിത്‌. 2019 നും 2021 നും ഇടയില്‍ മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് കൃഷിഭൂമി നല്‍കും. 20 വര്‍ഷമാണ് ഇതിന്‍റെ കാലാവധി. 

അതുപോലെ തന്നെ ഒരു രൂപ പോലും പലിശയില്ലാതെ പതിനാറ് ലക്ഷത്തോളം രൂപ വായ്പയും ലഭിക്കും. കൃഷിസ്ഥലങ്ങളുടെ തൊട്ടടുത്ത് വീട് വയ്ക്കാനാണ് ഈ വായ്പ നല്‍കുന്നത്. പുതിയ പദ്ധതികള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയിലെ വലതുപക്ഷ പോപ്പുലിസ്റ്റ് സര്‍ക്കാരാണ് ഈ പദ്ധതി കൊണ്ടുവന്നത്. പ്രതിപക്ഷമടക്കം പലരും ഇതിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.