അബുജ: നൈജീരിയയിലെ കഡുനയില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ 23 യാത്രക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.
അഞ്ചിലധികം വാഹനങ്ങള്‍ തടഞ്ഞ ആയുധധാരികള്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നവെന്ന് സംഭവം നേരില്‍ കണ്ട ഡ്രൈവര്‍ മുഹമ്മദ് കെബി പറഞ്ഞു. ആയുധധാരികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അതേസമയം, സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സാഹചര്യമായിട്ടും നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ മാത്രം പന്ത്രണ്ടോളം ആക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, നൈജീരിയന്‍ സേനയുടെ കണക്കുകള്‍ പ്രകാരം 107 യാത്രക്കാരെയാണ് ഈ മേഖലയില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച കഡുനയില്‍ നിന്ന് 25 പേരെയാണ് തട്ടിക്കൊണ്ടുപോയത്.
നിരന്തരമായ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ബിര്‍നിന്‍ഗ്വാരി റോഡിലൂടെ യാത്ര ചെയ്യാന്‍ പാടില്ലെന്ന് പ്രദേശത്തെ ട്രാൻസ്പോർട്ട് യൂണിയൻ അറിയിപ്പ് നല്‍കിയിട്ടുണ്ട്.