ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ. കറാച്ചി, ലാഹോർ, സിയാൽകോട്ട്, റാവൽപിണ്ടി, ഇസ്ലാമാബാദ്, ഭവാൽപൂർ എന്നിവിടങ്ങളിലാണ് പാകിസ്താൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ നീക്കം.
അതിർത്തി കടന്നുള്ള പാക് ആക്രമണങ്ങൾക്ക് വ്യോമാക്രമണങ്ങളിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകി കൊണ്ടിരിക്കുകയാണ്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്ത് വരെ സ്ഫോടനമുണ്ടായി. ഇതോടെ രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമായിരിക്കണമെന്നാണ് ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദശം.
ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ ഇസ്ലാമാബാദ് വിറപ്പിച്ചിരിക്കുകയാണ്. സിയാൽകോട്ട്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. അതിർത്തി കടന്നെത്തിയ നാല് പാക് പോർവിമാനങ്ങളാണ് ഇന്ത്യ വീഴ്ത്തിയത്.
അതേസമയം, രാജ്യ തലസ്ഥാനത്തും കനത്ത ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രധാനപ്പെട്ട ഓഫീസുകൾ, റോഡുകൾ, വീടുകൾ എന്നിവയ്ക്കെല്ലാം സുരക്ഷ കൂട്ടിയിരിക്കുകയാണ്. ഇന്ത്യ ഗേറ്റ് പരിസരത്ത് നിന്നടക്കം ആളുകളെ മാറ്റുകയും ചെയ്തു.









