ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര കോടതി ജഡ്ജി

  

Last Updated : Nov 21, 2017, 11:30 AM IST
ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര കോടതി ജഡ്ജി

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ന്യായാധിപനായി ഇന്ത്യക്കാരനായ ദൽവീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്‍റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് അവസാന നിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ദൽവീറിന്‍റെ വിജയം ഉറപ്പായത്. യുഎൻ പൊതുസഭയിൽ നടന്ന ആദ്യ 11 റൗണ്ട് വോട്ടെടുപ്പിലും ഇദ്ദേഹത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. അടുത്ത ഫെബ്രുവരി മുതൽ മൂന്ന് വര്‍ഷത്തേക്കാണ് ദൽവീറിന്‍റെ കാലാവധി.

കുൽഭൂഷൺ ജാധവിന്‍റെ വധശിക്ഷയുടെ കാര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ ദല്‍വീറിന്‍റെ വിജയം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. തന്നെ പിന്തുണച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി അറിയിക്കുന്നതായി ദൽവീര്‍ പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ 193 ല്‍ 183 വോട്ടും രക്ഷാസമിതിയിലെ 15 വോട്ടുകളും നേടിയാണ് ഇന്ത്യയുടെ വിജയം. 1945ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി രൂപികരിച്ചതിന് ശേഷം ഇത് ആദ്യമായാണ് ബ്രിട്ടീഷ് ന്യായാധിപന്‍ ഇല്ലാതെ ബെഞ്ച് തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വന്നത് ബ്രിട്ടണ് കനത്ത തിരിച്ചടിയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയുമൊരു തെരഞ്ഞെടുപ്പ് നടത്തി യുഎന്‍ സെക്യൂരിറ്റ് കൗണ്‍സിലിന്‍റെയും പൊതു സഭയുടെയും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് അറിയിച്ചാണ് ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയത്. വോട്ടെടുപ്പ് അസാധുവാക്കാനുള്ള ശ്രമം ബ്രിട്ടണ്‍ നടത്തിയിരുന്നെങ്കിലും ഇത് നടക്കാതെ വന്നതോടെയാണ് പിന്മാറ്റം. തെരഞ്ഞെടുപ്പ് നടത്താനായി യുഎന്‍ പൊതുസഭയുടെയും രക്ഷാ സമിതിയുടെയും സംയുക്തസമിതി രൂപീകരിക്കണമെന്നതായിരുന്നു ബ്രിട്ടന്‍റെ ആവശ്യം. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. ഗ്രീന്‍വുഡിന്‍റെ പിന്മാറ്റം യുഎന്നിലെ ബ്രിട്ടന്‍റെ സ്ഥിരം പ്രതിനിധി മാത്യു റൈക്രോഫ്റ്റ് പൊതുസഭയുടെയും രക്ഷാ സമിതിയുടെയും അധ്യക്ഷരെ എഴുതി അറിയിക്കുകയും ചെയ്തു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈ സന്തോഷം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

 

 

Trending News