വാഷിങ്ടൺ: വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമണം നടത്തിയെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമുള്ള ഇസ്രായേലിന്റെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഇനി ബോംബിടരുതെന്നും പൈലറ്റുമാരെ ഇസ്രയേൽ തിരിച്ചുവിളിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രായേൽ ഇനി ബോംബ് വർഷിച്ചാൽ അത് കരാർ ലംഘനമാകുമെന്നും ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇറാനെ ഇസ്രയേൽ ആക്രമിക്കില്ലെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ പറയുന്നു.
വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇസ്രയേൽ ശക്തമായി തിരിച്ചടി നൽകാനൊരുങ്ങുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തുടുത്തുവിട്ടെന്നും ഇത് പ്രതിരോധിച്ചുവെന്നും 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങി. ഷെൽട്ടറുകളിൽ തുടരാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തിട്ടില്ലെന്ന് ഇറാനിയൻ സായുധ സേനാ ജനറൽ സ്റ്റാഫ് അബ്ദുൾറഹീം മൗസവി പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇറാൻ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.