)
ടെഹ്റാന്/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ സാധ്യതകള്‍ തുറന്നുകൊണ്ട് ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തി. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അമേരിക്കയാണ് മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആവശ്യം ഇസ്രായേല്‍ അംഗീകരിക്കുകയായിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിനിര്‍ത്തല്‍ ധാരണ സംബന്ധിച്ച് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് വരെ തങ്ങള്‍ ഇസ്രായേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട് എന്നും ഇറാന് വ്യക്തമാക്കി. തെക്കന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നരയോടെ ആണ് വെടിനിര്‍ത്തല്‍ ധാരണ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസ്താവന വന്നത്. അതിന് ശേഷം ആയിരുന്നു തെക്കന്‍ ഇസ്രായേലിന് നേര്‍ക്ക് ഇറാന് ആക്രമണം നടത്തിയത്. പിന്നീട് രാവിലെ ഇന്ത്യന്‍ സമയം 10.38 ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ട്രംപ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
രാവിലെ 11.40 ഓടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി ഇസ്രായേലും ഔദ്യോഗികമായി പ്രതികരിച്ചു. അമേരിക്കയാണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത് എന്നും ഇസ്രായേല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഇറാന് നേരെ അതി ശക്തമായ ആക്രമണം ആയിരുന്നു ഇസ്രായേല്‍ നടത്തിയത്. ഇതില്‍ എത്ര പേര് കൊല്ലപ്പെട്ടു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞതിനാല്‍ ആണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചത് എന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇറാന് ഇപ്പോള്‍ ഒരു അടിയന്തര ഭീഷണി അല്ലെന്നും അണ്വായുധ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണികള്‍ ഇല്ലാതാക്കിയെന്നും ഇസ്രായേല്‍ പറയുന്നു. ഇറാന്റെ സൈനിക നേതൃത്വത്തിന് വലിയ നാശം സൃഷ്ടിക്കാന്‍ ആയെന്നും അവരുടെ പല സര്‍ക്കാര്‍ കേന്ദ്രങ്ങളും നശിപ്പിക്കാനായെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ എങ്ങനെ ആയിരിക്കും എന്നതില്‍ വ്യക്തതയില്ല. അമേരിക്കന്‍ ആക്രമണത്തില്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ ആണ് ഇറാന്. ഇതിനിടെ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തിന് നേര്‍ക്ക് ഇറാന് മിസൈല്‍ ആക്രമണവും നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.