ദോഹ: ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തുന്നതിന് മുമ്പേ ഇറാന്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക സൈനിക നപടി സ്വീകരിച്ചാല്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന്. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേര്‍ക്ക് ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു.
ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളമായ അല്‍ ഉദൈദിന് നേര്‍ക്കാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇക്കാര്യം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത് എന്നതില്‍ വ്യക്തതയില്ല. ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞു എന്നാണ് ഖത്തര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇറാന്റെ മിസൈല്‍ ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ ഖത്തര്‍ അവരുടെ വ്യോമപാത അടച്ചിരുന്നു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയും ബഹ്‌റൈനും കുവൈത്തും അവരുടെ വ്യോമ പാതകള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്.
അമേരിക്ക ഇറാനില്‍ നടത്തിയ അക്രമണത്തിന് പിറകെ പശ്ചിമേഷ്യല്‍ രാജ്യങ്ങളെല്ലാം തന്നെ കടുത്ത ജാഗ്രതയില്‍ ആയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം ഇത്തരത്തില്‍ പ്രതീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഒരുപാടുള്ള രാജ്യങ്ങളാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നത് വലിയ ആശങ്കയാണ്.
ഖത്തറുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. മുമ്പ് ജിസിസി രാജ്യങ്ങള്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്തിയതുപോലും ഇറാനുമായുള്ള ബന്ധവും തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുന്ന സഹായവും ആരോപിച്ചായിരുന്നു. വിലക്ക് കാലഘട്ടത്തില്‍ ഖത്തറിന് ഏറ്റവും അധികം സഹായങ്ങള്‍ എത്തിച്ച രാജ്യവും ഇറാന്‍ തന്നെ ആയിരുന്നു.
അമേരിക്കന്‍ വ്യോമതാവളത്തിന് നേര്‍ക്ക് നടത്തിയ ആക്രമണം ഖത്തറുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. അല്‍ ഉദൈദ് വ്യോമ താവളത്തിന് നേര്‍ക്കുള്ള ആക്രമണത്തെ വിജയ പ്രഖ്യാപനം എന്നാണ് ഇറാന്‍ വിളിക്കുന്നത്. ഇറാഖിലെ യുഎസ് സൈനിക താവളങ്ങളും ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. സിറിയയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.