ടെൽ അവീവ്: ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ ഇസ്രയേലിന് നേരെ കടുത്ത ആക്രമണവുമായി ഇറാൻ. ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ വലിയ തോതിലുള്ള സ്ഫോടനങ്ങളും നാശനഷ്ടങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുല്ല കൂടി രംഗത്തെത്തിയതോടെ മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പകരം വീട്ടുമെന്നും ഇറാന് വേണ്ടി പോരാടുമെന്നുമുള്ള ഹിസ്ബുല്ലയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇസ്രയേലിൽ ആക്രമണം ശക്തമായത്.
ടെൽ അവീവിന്റെ ഹൃദയഭാഗത്തെ തകർക്കുന്ന രീതിയിലുള്ള മിസൈലുകളാണ് തൊടുത്തതെന്ന് ഇറാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ സേന പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഇസ്രയേൽ വ്യക്തമാക്കി. ടെൽ അവീവിൽ മാത്രം രണ്ട് വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചു.
വടക്കൻ നഗരമായ നതാനിയയിലും റോക്കറ്റ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിസൈലുകൾ പതിച്ച ഇടങ്ങളിൽ പരിശോധന നടത്തിയെന്നും നിലവിൽ ആൾനാശത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഇസ്രയേൽ എമർജൻസി സർവീസ് അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ പ്രദേശങ്ങളിൽ പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ടെൽ അവീവിലെ ഒരു പാർപ്പിട സമുച്ചയത്തിൽ മിസൈൽ പതിച്ച് തീപിടുത്തമുണ്ടായതിനെ തുടർന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും നിർദ്ദേശമുണ്ട്.
ഇതിനിടെ, സൗദി അറേബ്യയെ ലക്ഷ്യമാക്കി ഇറാൻ അയച്ച മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. പ്രിൻസ് സുൽത്താൻ വ്യോമത്താവളവും അൽ ഖറാജിലെ കിഴക്കൻ പ്രവിശ്യയും ലക്ഷ്യമിട്ടെത്തിയ നാല് മിസൈലുകളും രണ്ട് ഡ്രോണുകളുമാണ് സൗദി തകർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









