ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് ഐ.എസ്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയുടെ ഉത്തരവദിത്വം ഏറ്റെടുത്ത് ഐഎസ്.

Updated: Apr 23, 2019, 06:15 PM IST
ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് ഐ.എസ്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയുടെ ഉത്തരവദിത്വം ഏറ്റെടുത്ത് ഐഎസ്.

അമാഖ് ന്യൂസ്‌ ഏജന്‍സി ആണ് ഈ വിവരം പുറത്തുവിട്ടത്. ഐഎസ് ഉത്തരവാദിത്വം ഏറ്റെടുതെങ്കിലും തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. 

സ്ഫോടനത്തില്‍ 310 പേര്‍ മരിക്കുകയും 500ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, 
പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന‌് അധികൃതര്‍ വ്യക്തമാക്കി. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്.

മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ‌്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന‌് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അറിയിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ അദ്ധ്യക്ഷതയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ശേഷമാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  

സംഭവവുമായി ബന്ധപ്പെട്ട‌് 24 പേരെ അറസ്റ്റ‌് ചെയ‌്തു. തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളില്‍നിന്ന‌് 13 പേര്‍ പിടിയിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ‌്. ആക്രമണത്തിന‌് വിദേശബന്ധമുണ്ടോയെന്ന‌് പരിശോധിച്ചുവരികയാണെന്ന‌് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന‌് കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അതേസമയം, നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാറിന്‍റെ പ്രാഥമിക നിഗമനം.