ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇറാന് നേരെ അതി ഭീകരമായ ആക്രമണം ഇസ്രായേല്‍ നടത്തിയതിന് പിറകെ പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ഇറാന് സാധിച്ചിട്ടില്ല. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ആയിരുന്നു ഇറാന് മേല്‍ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം. ഇരാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ുപ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയും സൈനിക മേധാവി മുഹമ്മദ് ബഖേരിയും ഉള്‍പ്പെടെ സുപ്രധാന വ്യക്തികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല ഇസ്രായേലിന്റെ ആക്രമണം എന്നാണ് ലഭിക്കുന്ന സൂചന. 200 യുദ്ധ വിമാനങ്ങള്‍ ആയിരുന്നു തങ്ങള്‍ ഉപയോഗിച്ചത് എന്ന് ഇസ്രായേല്‍ സൈന്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിസൈലുകളും ബോംബുകളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ആക്രമണം. ആണവ കേന്ദ്രങ്ങളെ കുറിച്ചും സൈനിക കേന്ദ്രങ്ങളെ കുറിച്ചും ഉന്നത സൈനിക ഉദ്യോഗസ്ഥരെ കുറിച്ചും എല്ലാം കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമാക്കി ഉറപ്പിച്ചതിന് ശേഷം ആയിരുന്നു ആക്രമണം.ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലായിരുന്നു ആക്രമണം.
ഇറാന്‍ അണ്വായുധ നിര്‍മാണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, ഒഴിവാക്കാന്‍ പറ്റാത്ത ആക്രമണമായിരുന്നു തങ്ങള്‍ നടത്തിയത് എന്നാണ് ഇസ്രായേലിന്റെ വാദം. ഈ ആക്രമണം വരും ദിവസങ്ങളിലും തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേലിന് ശക്തമായ മറുപടി നല്‍കും എന്നാണ് ഇറാന്‍ പരമോന്നത നേതാവായ ആയത്തൊള്ള ഖൊമേനി പ്രതികരിച്ചിരിക്കുന്നത്. ഇസ്രായിലിന് നേര്‍ക്ക് പ്രത്യാക്രമണം നടത്തണം എന്നാവശ്യപ്പെട്ട് ഇറാനില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ പലതും ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രകോപനം ഒന്നും ഇല്ലാതെ ആയിരുന്നു ആക്രമണം. ഇസ്രായേലിന്റെ ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ല എന്നും ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









