Israel-Iran Conflict: പണ്ട് സദ്ദാമിനെ കൊല്ലാന്‍ നോക്കി കൈ പൊള്ളി, ഇനി ഖാമ്‌നായിയെ തൊടാന്‍ ഇസ്രായേല്‍ ഭയക്കുമോ?

Israel-Iran Conflict: സദ്ദാം ഹുസൈനെ വധിക്കാനുള്ള പദ്ധതിയ്ക്കിടെ, ഇസ്രായേലിന് നഷ്ടപ്പെട്ടത് അവരുടെ തന്നെ എലൈറ്റ് ഫോഴ്സിലെ അഞ്ച് കമാൻഡോമാരെ ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 06:31 PM IST
  • ഓപ്പറേഷന്‍ ബ്രാംബിള്‍ ബുഷ് എന്നായിരുന്നു സദ്ദാം ഹുസൈനെ വധിക്കാനുള്ള ഓപ്പറേഷന്റെ പേര്
  • അഞ്ച് കമാൻഡോകളെ ആണ് അന്ന് ഇസ്രായേലിന് നഷ്ടമായത്
  • പിന്നീട് ഒരിക്കൽ കൂടി സദ്ദാമിനെ വധിക്കാൻ ഇസ്രായേൽ പദ്ധതി തയ്യാറാക്കിയിരുന്നു
Israel-Iran Conflict: പണ്ട് സദ്ദാമിനെ കൊല്ലാന്‍ നോക്കി കൈ പൊള്ളി, ഇനി ഖാമ്‌നായിയെ തൊടാന്‍ ഇസ്രായേല്‍ ഭയക്കുമോ?

തങ്ങളുടെ എതിരാളികളെ ഏത് രീതിയിലും ഇല്ലാതാക്കുക എന്നതാണ് ഇസ്രായേലിന്റേയും അവരുടെ ചാരസംഘടനയായ മൊസാദിന്റേയും രീതി. ശത്രുവിനെ ഏതറ്റം വരേയും പിന്തുടര്‍ന്നുകൊല്ലുന്നതില്‍ മൊസാദിന്റെ ലെഗസി മറ്റൊരു ചാര സംഘടനയ്ക്കും അവകാശപ്പടാന്‍ ആവില്ല. 

Add Zee News as a Preferred Source

പലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറാഫത്തിന്റെ മരണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസ് നേതൃത്വത്തെ മുഴുവന്‍ പേജര്‍ ആക്രമണത്തിലൂടെ ഇല്ലായ്മ ചെയ്തതും ഇതേ മൊസാദ് തന്നെ ആയിരുന്നു. എന്നാല്‍, എന്നും എപ്പോഴും അവരുടെ ഇത്തരത്തിലുള്ള ആക്രമണ പദ്ധതികള്‍ വിജയിച്ചിട്ടില്ല. ചിലത്, വലിയ നഷ്ടങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിന്റെ സ്‌കഡ് മിസൈലുകളില്‍ ചിലത് പതിച്ചത് ഇസ്രായേലില്‍ ആയിരുന്നു. അന്ന് മുതലേ സദ്ദാം ഹുസൈന്‍ ഇസ്രായേലിന്റേയും മൊസാദിന്റേയും കണ്ണിലെ കരടായി മാറി. പിന്നീടാണ്, ഇറാഖ് അണ്വായുധ, രാസായുധ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതോടെ സദ്ദാം ഹുസൈനെ തന്നെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു.

ഒരു രാഷ്ട്രത്തലവനെ കൊന്നുകളയാന്‍ തീരുമാനിക്കുന്നതില്‍ ഇസ്രായേലിന് അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ സ്വന്തമാക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് അധിക സമയവും വേണ്ടി വന്നില്ല. പിന്നീട് എങ്ങനെ സദ്ദാമിനെ വകവരുത്താം എന്നതായിരുന്നു ഇസ്രായേലിന്റെ ചര്‍ച്ച.

പല പദ്ധതികള്‍ ആയിരുന്നു അവര്‍ അണിയറയില്‍ ഒരുക്കിയത്. ഇസ്രായേലിന്റെ ഏതെങ്കിലും കൃത്രിമോപഗ്രമോ വിമാനമോ ഇറാഖില്‍ തകര്‍ന്നു വീഴുന്ന സാഹചര്യം സൃഷ്ടിക്കുക, ഇത് പരിശോധിക്കാന്‍ സദ്ദാം എത്തുമ്പോള്‍ പൊട്ടിത്തെറി സൃഷ്ടിക്കുക... ഇതായിരുന്നു ഒരു പദ്ധതി. ഏതെങ്കിലും യൂറോപ്യന്‍ കമ്പനിയെ ഉപയോഗിച്ച് സദ്ദാമിന് പുതിയ ഒരു ടെലിവിഷന്‍ സ്റ്റുഡിയോ സമ്മാനമായി നല്‍കി പൊട്ടിത്തെറി നടത്താനും പദ്ധതിയിട്ടു. എന്നാല്‍ ഒടുവില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഇതൊന്നും ആയിരുന്നില്ല.

സദ്ദാമിന്റെ അമ്മാവന്‍ ഖൈറല്ലാ തല്‍ഫാഹ് ഗുരുതര രോഗബാധിതനാണെന്ന് ഇസ്രായേല്‍ കണ്ടെത്തി. തല്‍ഫാഹ് മരിക്കുമ്പോള്‍ ആ ശസംസ്‌കാര ചടങ്ങില്‍ വച്ച് സദ്ദാമിനെ വധിക്കാം എന്ന തീരുമാനത്തിലെത്തി. കാരണം, ശവസംസ്‌കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലം കടുത്ത സുരക്ഷയുള്ള ബാഗ്ദാദില്‍ ആയിരിക്കില്ല എന്നത് തന്നെ. മാത്രമല്ല, ശവസംസ്‌കാര ചടങ്ങില്‍ സദ്ദാം വിഖ്യാതമായ 'ബോഡി ഡബിള്‍' തന്ത്രം ഉപയോഗിക്കുകയും ഇല്ല.

തല്‍ഫാഹ് ജോര്‍ദ്ദാനിലെ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ തേടിയിരുന്നത്. മൊസാദ് ഇക്കാര്യം സസൂക്ഷ്മം നിരീക്ഷിച്ച് പോരുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് ഒരു കാര്യം വ്യക്തനായി, തല്‍ഫാഹിന്റെ മരണം ഉടനടിയൊന്നും സംഭവിക്കില്ല. അതിന് ശേഷം ഇസ്രായേല്‍ എടുത്ത തീരുമാനം അതിലും ഞെട്ടിക്കുന്നതായിരുന്നു.

സദ്ദാം ഹുസൈന്റെ അര്‍ദ്ധ സഹോദരനും ഐക്യരാഷ്ട്രസഭയുടെ ഇറാഖി അംബാസഡറും ആയിരുന്ന ബര്‍സാന്‍ അല്‍ തിക്രിതിയെ വധിക്കാം എന്നതായിരുന്നു അത്. മറ്റ് പദ്ധതികളെല്ലാം, പഴയതുപോലെ തന്നെ എന്നും ഉറപ്പിച്ചു. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും ഇസ്രായേലും മൊസാദും കൂടി നടത്തി. ഇസ്രായേല്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ് ായ സയേറെത് മത്കാലിന്റെ ഒരു യൂണിറ്റിനെ ഹെലികോപ്റ്റര്‍ വഴി ഇറാഖ് അതിര്‍ത്തിയില്‍ എത്തിച്ചു. ഇറാഖ് സൈനിക വാഹനങ്ങളെ പോലെ രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഇവര്‍ ഇറാഖി സൈനികരെ പോലെ വേഷം ധരിക്കുകയും ചെയ്തു.

സദ്ദാം ഹുസൈന്‍ കുടുംബത്തിന്റെ ഖബറിസ്ഥാന് സമാനമായ ഒരു സ്ഥലം കണ്ടുപിടിച്ച് ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് പരിശീലനവും തുടങ്ങി. കമാന്‍ഡോകള്‍ എല്ലാം ഓപ്പറേഷന് തയ്യാറായി. അവസാനത്തെ റിഹേഴ്‌സല്‍ മാത്രമാണ് ബാക്കിയായിരുന്നത്. യഥാര്‍ത്ഥ ഓപ്പറേഷന് രണ്ട് ദിവസം മാത്രമേ അവര്‍ അവശേഷിച്ചതായി കണക്കാക്കിയിരുന്നുള്ളു.

ഒരുപക്ഷേ, ഇസ്രായേലിന്റേയും മൊസാദിന്റേയും ചരിത്രത്തില്‍ ഇത്രയും കറുത്ത വേറൊരു ദിനം ഉണ്ടാവില്ല. റിഹേഴ്‌സലിന് ഇടയിലെ ആശയക്കുഴപ്പത്തിനൊടുവില്‍ ഇസ്രായേല്‍ കമാന്‍ഡോകള്‍ മിസൈല്‍ തൊടുത്തുവിട്ടത് കൂടെയുണ്ടായിരുന്ന കമാന്‍ഡോകള്‍ക്ക് നേര്‍ക്കായിരുന്നു. അഞ്ച് കമാന്‍ഡോകള്‍ തത്ക്ഷണം മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഉടനെ തന്നെ ഈ ദൗത്യം ഇസ്രായേല്‍ ഉപേക്ഷിക്കുകയും ചെയ്തു. ഓപ്പറേഷന്‍ ബ്രാംബിള്‍ ബുഷ് എന്നായിരുന്നു ഈ ദൗത്യത്തിന് നല്‍കിയ പേര്.

1992 ല്‍ ആണ് സംഭവം നടന്നത് എങ്കിലും ഇസ്രായേല്‍ ഇതിനെ ക്ലാസിഫൈഡ് ഫയല്‍ ആയി ലോകത്തിന് മുന്നില്‍ മറച്ചുവച്ചിരിക്കുകയായിരുന്നു. 2003 ല്‍ ആണ് ഇത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഒരു ഇസ്രായേലി പത്രം പുറത്ത് വിടുന്നത്. 1992 ന് ശേഷം ഇസ്രായേല്‍ പിന്നേയും സദ്ദാമിനെ വധിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരിക്കല്‍ ഇവര്‍ അതിന് അടുത്ത് എത്തുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ്, അമേരിക്കന്‍ സര്‍ക്കാരുകളുടെ ആവശ്യത്തെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു.

ഇക്കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണം വേറൊന്നാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാമ്‌നായിയെ വധിക്കാന്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സദ്ദാമിനെതിരെ നടത്തിയത് പോലേയോ യാസര്‍ അറഫാത്തിന് നേര്‍ക്ക് നടത്തിയതുപോലെയോ ഒരു നീക്കം ഖാമ്‌നായിക്കെതിരെ നടത്തി വിജയിക്കുക എന്നത് എളുപ്പമല്ല. പ്രത്യേകിച്ചും ഇങ്ങനെ ഒരു യുദ്ധ സാഹചര്യത്തില്‍...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News