ചന്ദ്രനില്‍ കറങ്ങാന്‍ പെണ്ണിനെ വേണം, അപേക്ഷകള്‍ ക്ഷണിച്ച് കോടീശ്വരന്‍!

ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

Updated: Jan 14, 2020, 12:25 PM IST
ചന്ദ്രനില്‍ കറങ്ങാന്‍ പെണ്ണിനെ വേണം, അപേക്ഷകള്‍ ക്ഷണിച്ച് കോടീശ്വരന്‍!

ടോക്കിയോ: ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

യുസാകു മെയ്‌സാവ എന്ന കോടീശ്വരനാണ് ചാന്ദ്രയാത്രയ്ക്ക് കൂട്ടായി സ്ത്രീ പങ്കാളിയെ വേണമെന്ന് ട്വിറ്ററിലൂടെ പരസ്യം നല്‍കിയിരിക്കുന്നത്. താത്പര്യമുള്ള എല്ലാവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

അപേക്ഷയ്ക്കുള്ള നിബന്ധനകള്‍:

> അവിവാഹിതയായിരിക്കണം.
> ഇരുപത് വയസിനു മുകളില്‍ പ്രായമുണ്ടാകണം. 
> എല്ലായ്പ്പോഴും പോസിറ്റീവായിരിക്കണം. 
> ബഹിരാകാശത്തേക്ക് പോകാൻ താൽപ്പര്യമുള്ളവരായിരിക്കണം. 
> ജനുവരി 17ന് മുന്‍പ് അപേക്ഷിക്കണം.
> മികച്ച വ്യക്തിത്വത്തിന് ഉടമയായിരിക്കണം. 
> ലോകസമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്ന ഒരാളാകണം. 
> ജീവിതം അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ തയ്യാറാകണം. 

യുസാകു മെയ്‌സാവ റോക്കറ്റിൽ ചന്ദ്രനുചുറ്റും പറക്കുന്ന ആദ്യത്തെ സിവിലിയൻ യാത്രക്കാരനാകുമെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണിത്. 

2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള യുസാക്കുവിന്‍റെ പരസ്യം. ശൂന്യാകാശത്ത് വച്ച് തന്‍റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുമെന്നു൦ പരസ്യത്തിലുണ്ട്. 

ഏകാന്തതയും ശൂന്യതയും പതുക്കെ അനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ സ്‌നേഹിക്കുന്നതായിരിക്കും നല്ലതെന്നാണ് ഞാന്‍ കരുതുന്നതെന്നും അതിനായി തനിക്കൊരു പങ്കാളിയെ വേണമെന്നും യുസാകു പറയുന്നു. 

അപേക്ഷിക്കാനുള്ള നിബന്ധനകളുടെ ലിസ്റ്റും മൂന്ന് മാസത്തെ ആപ്ലിക്കേഷൻ പ്രോസസ്സിനായുള്ള ഷെഡ്യൂളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകരില്‍ നിന്ന്  മാര്‍ച്ച് അവസാനത്തോടെ യസാക്കു തന്നെ പങ്കാളിയെ തിരഞ്ഞെടുക്കും. അതേസമയം ബഹിരാകാശത്തേക്കുള്ള ടിക്കറ്റിനായി മെയ്‌സാവ നൽകുന്ന വില സ്പേസ് എക്സ് വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, ചന്ദ്രനില്‍ വെച്ച് യാസാക്കു ഒരു ഡോക്യുമെന്‍ററി ചിത്രീകരിക്കുന്നുണ്ട്. ഇത് ടെലിവിഷന്‍ ചാനലുകള്‍വഴി പുറത്തുവിടും. മുൻ കാമുകിയും നടിയുമായ ഇരുപത്തിയേഴുകാരി അയാം ഗോരികിയുമായി അടുത്തിടെയാണ് ഓണ്‍ലൈന്‍ റീടൈല്‍ കമ്പനിയായ സൂസൂവിന്‍റെ മേധാവി കൂടിയായ യുസാകു വേർപിരിഞ്ഞത്.