ലോസ് ആഞ്ജലീസ്: അമേരിക്കയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി. ലോസ് ആഞ്ജലീസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ അമേരിക്കന്‍ സൈന്യത്തെ തന്നെ വിന്യസിക്കുകയാണ് ഇപ്പോള്‍. എഴുനൂറ് മറീനുകളേയും കൂടുതലായി 2,000 നാഷണല്‍ ഗാര്‍ഡിനേയും ലോസ് ആഞ്ജലീസിലേക്ക് അയച്ചു എന്നാണ് വാര്‍ത്തകള്‍. നേരത്തേ തന്നെ 2,000 നാഷണല്‍ ഗാര്‍ഡിനെ ലോസ് ആഞ്ജലീസില്‍ വിന്യസിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെയാണ് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയത്. ഇത് പലയിടത്തും അക്രമാസക്തമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരേയും വാഹനങ്ങള്‍ക്ക് നേരേയും പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിന് പിറകെയാണ് ട്രംപ് ഭരണകൂടം ആദ്യം നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചത്.
കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഭരിക്കുന്നത് ഡെമോക്രാറ്റുകളാണ്. ട്രംപ് റിപ്പബ്ലിക്കനും. ഇപ്പോള്‍, ഇങ്ങനെയുള്ള സൈനിക വിന്യാസത്തിന് പിന്നില്‍ ഈ രാഷ്ട്രീയ വൈര്യം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെതിരെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം ആഞ്ഞടിച്ചിരുന്നു. ലോസ് ആഞ്ജലീസില്‍ യുഎസ് മറീന്‍സിനെ വിന്യസിക്കുന്നത് സംബന്ധിച്ച് ട്രംപിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ന്യൂസോം പറഞ്ഞു. യുഎസ് മറീന്‍സ് രാഷ്ട്രീയ കരുക്കളല്ല എന്നും ന്യൂസോം പറഞ്ഞു.
കഴിവുകെട്ടവന്‍ എന്നായിരുന്നു ന്യൂസോമിനെ ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയന്‍ സര്‍ക്കാരിന് പ്രതിഷേധം നിയന്ത്രണവിധേയം ആക്കാന്‍ കഴിയാതെ വന്നതിനാലാണ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കേണ്ടി വന്നത് എന്നും ട്രംപ് പറഞ്ഞിരുന്നു. ഗവര്‍ണര്‍ ന്യൂസോം അറസ്റ്റിലായിരുന്നെങ്കില്‍ നന്നായിരുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കന്‍ മണ്ണില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്ന സാഹചര്യം അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചപ്പോള്‍ തന്നെ അത് രാജ്യമൊന്നാകെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ യുഎസ് മറീന്‍സിനെ കൂടി വിന്യസിക്കുമ്പോള്‍ പ്രതിഷേധം ആളിക്കത്തുകയാണ്.
സാധാരണ ഗതിയില്‍ സൈന്യത്തിന് ക്രമസമധാന പാലനത്തിന്റെ ചുമതലയില്ല. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ സൈന്യത്തെ ഇതിനായി നിയോഗിക്കാന്‍ സാധിക്കുകയുള്ളു. ഇതിന് വേണ്ടി ഇന്‍സറക്ഷന്‍ ആക്ട് നടപ്പിലാക്കണം. അസാധാരണ സാഹചര്യം സൃഷ്ടിച്ച് ഇന്‍സറക്ഷന്‍ ആക്ട് നടപ്പിലാക്കാനുള്ള ശ്രമമാണോ ട്രംപ് നടത്തുന്നത് എന്നും ആക്ഷേപമുണ്ട്. സ്വന്തം ജനങ്ങള്‍ക്ക് നേരെയുള്ള സൈനിക നടപടി അമേരിക്കന്‍ ജനത അംഗീകരിക്കുമോ എന്നതും വലിയ ചോദ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.