ശവക്കല്ലറ ഒന്ന്, തലയോട്ടികള്‍ 166!

മെക്സിക്കോയുടെ കിഴക്കൻ പ്രവിശ്യയായ വരാക്രൂസിലെ  ഒരു കൂറ്റൻ കുഴിയിൽ നിന്നും കണ്ടെടുത്തത് 166 തലയോട്ടികള്‍. ഓഗസ്റ്റ് 8 ന് അജ്ഞാതനായ ഒരാൾ നൽകിയ സന്ദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തലയോട്ടികള്‍ കണ്ടെടുത്തത്.

Sneha Aniyan | Updated: Sep 18, 2018, 12:57 PM IST
ശവക്കല്ലറ ഒന്ന്, തലയോട്ടികള്‍ 166!

മെക്സിക്കോയുടെ കിഴക്കൻ പ്രവിശ്യയായ വരാക്രൂസിലെ  ഒരു കൂറ്റൻ കുഴിയിൽ നിന്നും കണ്ടെടുത്തത് 166 തലയോട്ടികള്‍. ഓഗസ്റ്റ് 8 ന് അജ്ഞാതനായ ഒരാൾ നൽകിയ സന്ദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തലയോട്ടികള്‍ കണ്ടെടുത്തത്.

ലഭിച്ച തലയോട്ടികള്‍ കൂടാതെ 114 തിരിച്ചറിയല്‍ രേഖകളും 200 ഓളം വസ്ത്രങ്ങളും കുഴിയില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ മെക്സിക്കോയിലെ കൂറ്റന്‍ കുഴിയില്‍ നിന്ന് കണ്ടെടുത്തത്  250 തലയോട്ടികളായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശവക്കല്ലറയായിരിക്കുമിതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടറായ ജോര്‍ജി വിങ്ക്ലര്‍ അന്ന് പറഞ്ഞിരുന്നു. 

മെക്സിക്കോയിലെ ക്രിമിനൽ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 2 വർഷം മുൻപ് മറവ് ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇത്. അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരുടെ പ്രധാന പാതകളില്‍ ഒന്നായ വരാക്രൂസില്‍ കടത്തു സംഘങ്ങൾ തമ്മിൽ നിരന്തരം പോരാട്ടം നടക്കാറുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. 

കാണാതായവരുടെ ബന്ധുക്കള്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മുമ്പോട്ട് വരണമെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷയെ മുന്‍ നിര്‍ത്തി സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മെക്സിക്കോ നഗരത്തില്‍ മാത്രം 40,000 പേരെയാണ് കഴിഞ്ഞ വര്‍ഷം കാണാതെയായിരിക്കുന്നത്. കൂടാതെ 30,000 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. സുരക്ഷയെ ഭയന്ന് വിവരം പുറത്തുവിടാതെയിരുന്ന ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വെച്ചത്.