ജീവനക്കാരിയുമായി കിടക്ക പങ്കിട്ടു; സിഇഒയ്ക്ക് പണി പോയി!

ഇക്കാര്യം ചൂണ്ടിക്കാണിച്ച് മക്ഡൊണാള്‍ഡ്‌സിന്‍റെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് സിഏഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിന് കമ്പനിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നത്.   

Ajitha Kumari | Updated: Nov 4, 2019, 11:55 AM IST
ജീവനക്കാരിയുമായി കിടക്ക പങ്കിട്ടു; സിഇഒയ്ക്ക് പണി പോയി!

ന്യൂയോര്‍ക്ക്: മക്ഡൊണാള്‍ഡ്‌സിന്‍റെ സിഇഒയെ പുറത്താക്കി. കാരണം എന്താണെന്നോ കീഴ് ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയതിന്. 

പ്രമുഖ ആഗോള ഭക്ഷണ വ്യാപാര കേന്ദ്രമായ മക്ഡൊണാള്‍ഡ്‌സിന്‍റെ സിഇഒയായ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനാണ് ജീവനക്കാരിയുമായി കിടക്കപങ്കിട്ടതിനെ തുടര്‍ന്ന്‍ ജോലി നഷ്ടമായത്. 

ഇക്കാര്യം ചൂണ്ടിക്കാണിച്ച് മക്ഡൊണാള്‍ഡ്‌സിന്‍റെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് സിഏഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിന് കമ്പനിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നത്. 

കമ്പനിയിലെ മാനേജര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരുമായി ഒരു തരത്തിലുള്ള പ്രണയബന്ധമോ രഹസ്യബന്ധമോ ഉണ്ടാകുന്നത് നേരത്തെതന്നെ കമ്പനി വിലക്കിയിരുന്നു. ഈ നിയമം ലംഘിച്ചതിനാണ് കമ്പനി നടപടി സ്വീകരിച്ചത്. 

എന്തായാലും വിടവാങ്ങുന്നതിന് മുന്‍പ് കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ തനിക്ക് ഒരു തൊഴിലാളിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായി സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് സമ്മതിച്ചിരുന്നു. 

മാത്രമല്ല ഇത് തെറ്റായിപ്പോയിയെന്നും കമ്പനിയുടെ തീരുമാനത്തോട് യോജിക്കുന്നുവെന്നും ഇതാണ് ഇവിടെനിന്നും പോകേണ്ട സമയമെന്നും സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് സന്ദേശത്തില്‍ കുറിച്ചിരുന്നു.

കമ്പനിവിടുമ്പോള്‍ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിന് നല്‍കേണ്ട പ്രത്യേക പാക്കേജ് എന്താണെന്ന് കമ്പനി അറിയിക്കുമെന്നും സിഇഒ സ്ഥാനത്തുനിന്നും നീക്കിയതിന് പുറമേ കമ്പനി ബോര്‍ഡില്‍ നിന്നും അദ്ദേഹം ഒഴിവാകുമെന്നും കമ്പനി വക്താവ് അറിയിച്ചു.

2015 മുതല്‍ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് മക്ഡൊണാള്‍ഡ്‌സിന്‍റെ സിഇഒയാണ്. കമ്പനിയിലെ ഏതു തൊഴിലാളിയുമായാണ് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് മക്ഡൊണാള്‍ഡ്‌സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അമ്പത്തിരണ്ടുകാരനായ വിവാഹമോചിതനായ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് 1993 ല്‍ മനേജരായിട്ടാണ് മക്ഡൊണാള്‍ഡ്സില്‍ ആദ്യമായി ജോലിയ്ക്ക് എത്തിയത്. 2011 ല്‍ മക്ഡൊണാള്‍ഡ്സ് വിട്ട സ്റ്റീവ് പിന്നെ 2013 ല്‍ വീണ്ടും എത്തി ശേഷം 2015 ലാണ് സിഇഒ പദവിയിലെത്തുന്നത്. 

മക്ഡൊണാള്‍ഡ്സില്‍ പലവിധ രുചി പരീക്ഷണങ്ങള്‍ നടത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു സ്റ്റീവ്. 

സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിന് പകരം ക്രിസ് കെംപ്സിന്‍സ്കിയെയാണ് കമ്പനി പുതിയ സിഇഒയായി നിയമിച്ചത്.