പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൃദയസംബന്ധമായ അസുഖവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാരണമാണ് മുഷറഫിനെ ദുബായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

Ajitha Kumari | Updated: Dec 3, 2019, 11:59 AM IST
പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദുബായ്: പാക്‌ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൃദയസംബന്ധമായ അസുഖവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാരണമാണ് മുഷറഫിനെ ദുബായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അടിയന്തര ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റിനെ ദുബായ് അമേരിക്കൻ ആശുപത്രിയിലേക്ക് സ്ട്രെച്ചറിൽ കൊണ്ടുപോയതിന്‍റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ ഇന്നലെ കാണിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ്‌ സ്ഥിരീകരണം ലഭിച്ചത്,

ഡോക്ടർമാർ അദ്ദേഹത്തെ താമസിക്കുന്ന സ്ഥലത്ത് സന്ദർശിക്കുകയും കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുഷറഫിന്‍റെ രാജ്യദ്രോഹക്കേസില്‍ അന്തിമവിധി നവംബര്‍ 28 ന് പ്രഖ്യാപിക്കാനിരിക്കെ സ്പെഷ്യല്‍ ട്രിബ്യൂണലിനെ വിലക്കികൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

2016 മുതല്‍ മുഷറഫ് ദുബായിലാണ് താമസിക്കുന്നത്. രാജ്യദ്രോഹക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മുഷറഫിന് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്ന് ഉറപ്പാണ്‌. 

പാക്‌ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നത്.