തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം മൂലം: മുഷാറഫ്

വിധി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുഷാറഫ് പ്രതികരിക്കുന്നത്.   

Last Updated : Dec 19, 2019, 01:44 PM IST
  • രാജ്യദ്രോഹ കുറ്റം ചുമത്തി പാക്‌ കോടതി തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് മുഷാറഫ്.
  • വിധി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് മുഷാറഫ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം മൂലം: മുഷാറഫ്

ദുബായ്: രാജ്യദ്രോഹ കുറ്റം ചുമത്തി പാക്‌ കോടതി തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് മുഷാറഫ് പ്രതികരിച്ചു. 

വിധി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുഷാറഫ് പ്രതികരിക്കുന്നത്. 

2007 നവംബര്‍ 3 ന് ഭരണഘടനയെ അട്ടിമറിച്ചു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സൈനിക മേധാവിയാണ് അദ്ദേഹം.

വിദഗ്ധ ചികിത്സയ്ക്കായി 2016 മുതല്‍ മുഷാറഫ് ദുബായിലാണ് താമസം. 2014 നും 2019നുമിടയില്‍ നടന്ന വിചാരണയില്‍ ദുബായില്‍ തന്‍റെ മൊഴി കൂടി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്നും മുഷാറഫ് പറഞ്ഞു.

മാത്രമല്ല തനിക്കെതിരായ വധശിക്ഷ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ സേത്ത്, സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക കോടതിയാണ് വധശിക്ഷ നല്‍കിയത്. 

വിധി പുറപ്പെടുവിച്ച മൂന്നില്‍ രണ്ട് ജഡ്ജിമാരും പരമാവധി ശിക്ഷയെ അനുകൂലിക്കുകയായിരുന്നു. 

2001 മുതല്‍ 2008 വരെ പാക്കിസ്ഥാന്‍ ഭരണാധികാരിയായിരുന്നു മുഷറഫ്.

1998ല്‍ പാക്‌ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് ആണ് മുഷറഫിനെ സേന തലവനായി നിയമിച്ചത്. കാര്‍ഗില്‍ നുഴഞ്ഞു കയറ്റവും തുടര്‍ന്ന്, ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധവും മുഷറഫ് സൈനിക തലവനായിരുന്ന കാലത്താണ് നടന്നത്.   പാക്കിസ്ഥാനുവേണ്ടി കാര്‍ഗില്‍ യുദ്ധം നയിച്ചത് മുഷറഫായിരുന്നു. 

ഇതിനിടെ സേനാ തലപ്പത്തുനിന്നും മുഷറഫിനെ നീക്കാനുള്ള ശ്രമം നവാസ് ഷെരിഫ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പ്രതികാരമെന്നോണം 1999ൽ സൈന്യം അട്ടിമറി നടത്തുകയും, അധികാരം പിടിച്ചെടുക്കുകയും പ്രധാനമന്ത്രി നവാസ് ഷെരിഫിനെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു.  

Trending News