മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർഥന നടക്കുന്നതിനിടെയാണു പള്ളി തകർന്നു വീണത്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്.
ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം തകർന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാണാം. നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചെന്ന് റിപ്പോർട്ടുകളുണ്ട്. തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









