കാലാപാനി തങ്ങളുടേത്; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം

ഈ തന്ത്രപ്രധാന ഭാഗം തങ്ങളുടേതാണെന്ന്‍ ആദ്യമായാണ് നേപ്പാള്‍ പരസ്യമായി പറയുന്നത്.   

Ajitha Kumari | Updated: Nov 18, 2019, 12:05 PM IST
കാലാപാനി തങ്ങളുടേത്; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം

കാഠ്മണ്ഡു: കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടില്‍ നേപ്പാള്‍ രംഗത്ത്.

അവിടെനിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാള്‍-ചൈന അതിര്‍ത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. 

ഈ തന്ത്രപ്രധാന ഭാഗം തങ്ങളുടേതാണെന്ന്‍ ആദ്യമായാണ് നേപ്പാള്‍ പരസ്യമായി പറയുന്നത്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയായ നേപ്പാള്‍ യുവസംഘത്തിന്‍റെ പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് ഒലി ഇന്ത്യക്കെതിരെ പരസ്യപ്രസ്താവന അഴിച്ചുവിട്ടത്. 

നേപ്പാളിന്‍റെ ഒരിഞ്ചുഭൂമിപോലും കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 

ജമ്മുകശ്മീരിന്‍റെ വിഭജനത്തിനുശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തെ ചൊല്ലിയാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തത്. 

ഭൂപടത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ ഭാഗമായാണ് കാലാപാനി ഏരിയ ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്. അവിടെയാണ് പ്രശ്നം. കാലാപാനി തങ്ങളുടെ ഏരിയയാണെന്നാണ് നേപ്പാളിന്‍റെ അവകാശം.

എന്നാല്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളാണെന്നും നേപ്പാളുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇന്ത്യ പറയുന്നത്. 

നേപ്പാളിലെ രാജാവായിരുന്ന മഹേന്ദ്ര 1962 ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യക്ക് കൈമാറിയതാണ് കാലാപാനി ഏരിയ എന്നൊരു വാദവും നിലനിക്കുന്നുണ്ട്. എന്നാല്‍ ഇത് നേപ്പാള്‍ ഭരണകൂടം അംഗീകരിക്കുന്നില്ല.

372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാലാപാനി ഏരിയ ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.