)
പല രാജ്യങ്ങളും കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. വിഷയത്തിൽ ന്യൂയോർക്ക് മറ്റൊരു ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിലെ ചില ഫീച്ചറുകളിലൂടെയാണ് പുതിയ നിയം കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ കുട്ടികൾക്ക് ഇനി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ പ്രായപരിശോധനാ നിയമങ്ങളിലൂടെ കടന്നുപോകണം.
ന്യൂയോർക്കിലെ സേഫ് ഫോർ കിഡ്സ് ആക്ടിന്റെ ഭാഗമാണ് ഈ നിയമങ്ങൾ. കുട്ടികളിൽ ആസക്തി ഉളവാക്കുന്ന സോഷ്യൽ മീഡിയ ഫീച്ചറുകളിലേക്കുള്ള എക്സ്പോഷർ കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 2027 ജനുവരി 25 മുതൽ നിയമം പ്രാബല്യത്തിൽ വരും.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രായം പരിശോധിച്ച ശേഷം മാത്രമേ വ്യക്തിഗത ഫീഡുകളും രാത്രി കാലങ്ങളിലെ നോട്ടിഫിക്കേഷനുകളും നൽകൂ. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അനുമതി ഇല്ലാതെ ഇനി തുടർച്ചയായ റെക്കമെൻഡഡ് വീഡിയോകളോ പോസ്റ്റുകളോ കാണാൻ കഴിയില്ല. രാത്രി 12 മണിക്കും രാവിലെ 6 മണിക്കും ഇടയിലുള്ള നോട്ടിഫിക്കേഷനുകൾക്ക് മാതാപിതാക്കളുടെ അനുമതി വേണം. അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഫീഡുകളിൽ നിന്ന് കൗമാരക്കാരെ അകറ്റാനാണ് പുതിയ നിയന്ത്രണം.
പ്രായം എങ്ങനെ സ്ഥിരീകരിക്കും?
കമ്പനികൾ കൃത്യമായ ഒരു രീതി തന്നെ കുട്ടികളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് ന്യൂയോർക്ക് നിർബന്ധിക്കുന്നില്ല. ഇഷ്ടമുള്ള മാർഗ്ഗം വഴി കുട്ടികളുടെ പ്രായം പരിശോധിക്കാം. ഐഡി കാർഡ് പരിശോധിക്കുകയോ, ഇമെയിൽ/ഫോൺ നമ്പർ വഴി ഉറപ്പുവരുത്തുകയോ ചെയ്യാം. പക്ഷെ പ്രായം പരിശോധിക്കാൻ ശേഖരിക്കുന്ന വിവരങ്ങൾ കമ്പനികൾ ആവശ്യമില്ലാതെ സൂക്ഷിച്ചു വെക്കാൻ പാടില്ല. പരിശോധന കഴിഞ്ഞാൽ ആ ഡാറ്റ ഉടൻ ഡിലീറ്റ് ചെയ്യുകയോ ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മാറ്റുകയോ വേണം.
മാതാപിതാക്കളുടെ നിയന്ത്രണം വേണം
പുതിയ നിയമം മാതാപിതാക്കൾ കൗമാരക്കാരായ തങ്ങളുടെ മക്കൾ സോഷ്യൽമീഡിയ എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യവും നിയന്ത്രിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് നിയന്ത്രിച്ചിരിക്കുന്ന ഫീച്ചറുകൾ ലഭ്യമാകണമെങ്കിൽ അവർ ആദ്യം അനുമതി ആവശ്യപ്പെടണം. ഇത് മാതാപിതാക്കൾക്ക് പരിശോധിച്ച ശേഷം അനുമതി നൽകാനോ നിഷേധിക്കാനോ കഴിയും.
ഇനി മാതാപിതാക്കളുടെ അനുമതി കിട്ടിയില്ലെങ്കിലും കൗമാരക്കാർക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നഷ്ടപ്പെടില്ല. അവർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളുടെ പോസ്റ്റുകൾ കാണാനും മറ്റ് പ്രധാന ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കും. കൂടുതൽ സമയം ആളുകളെ പിടിച്ചിരുത്തുന്ന അൽഗോരിതം ഫീഡുകളുള്ള പ്ലാറ്റ്ഫോമുകൾക്കാണ് ഈ നിയമങ്ങൾ ബാധകമാകുന്നത്. കമ്പനികൾ ഓരോ വർഷവും പ്രായപരിശോധനാ സംവിധാനങ്ങൾ പരിശോധിച്ച് രേഖകൾ സൂക്ഷിക്കണം. നിയമങ്ങൾ തെറ്റിച്ചാൽ ഓരോ തവണയും 5,000 ഡോളർ വരെ പിഴയൊടുക്കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.