കോവിഡ് മുക്തമായി ന്യൂസിലാന്‍ഡ്; സന്തോഷത്താൽ നൃത്തം ചെയ്ത് പ്രധാനമന്ത്രി ജസീന്ത ആർഡെൻ
കോവിഡിനെ തുരത്തി ന്യൂസിലാന്‍ഡ്... സന്തോഷത്താൽ നൃത്തം ചെയ്ത് പ്രധാനമന്ത്രി ജസീന്ത ആർഡെൻ... ലോക രാഷ്ട്രങ്ങള്‍ ചോദിക്കുന്നു ഇതെങ്ങിനെ സാധിച്ചു?
വെല്ലിംഗ്ടൺ: കോവിഡിനെ തുരത്തി ന്യൂസിലാന്‍ഡ്... സന്തോഷത്താൽ നൃത്തം ചെയ്ത് പ്രധാനമന്ത്രി ജസീന്ത ആർഡെൻ... ലോക രാഷ്ട്രങ്ങള്‍ ചോദിക്കുന്നു ഇതെങ്ങിനെ സാധിച്ചു?
അമേരിക്കയടക്കം ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും കോവിഡിനെതിരായ പോരാട്ടത്തില്‍ പകച്ചു നില്‍ക്കുമ്പോഴാണ് ന്യൂസിലാന്‍ഡ് കോവിഡ് മുക്തമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്....
കഴിഞ്ഞ ഫെബ്രുവരി 28നാണ് ന്യൂസിലാന്‍ഡില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ രാജ്യത്ത് ഒരാള്‍ക്ക് പോലും കോവിഡില്ല. കഴിഞ്ഞ 17 ദിവസമായി പുതിയ ഒരു കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും രോഗമുക്തനാവുകയും കഴിഞ്ഞ 17 ദിവസമായി ഒരു കോവിഡ് രോഗം പോലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് ന്യൂസിലാന്‍ഡ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
5 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ 1,154 കോവിഡ‍് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22 പേർ കോവിഡ‍് ബാധിച്ച് മരിച്ചിരുന്നു .
ന്യൂസിലാന്‍ഡ് എന്ന ചെറു ദ്വീപു രാഷ്ട്രം എങ്ങനെ ആഗോളതലത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു എന്നതാണ് ഇപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ചോദിക്കുന്നത്. ഉത്തരവും വളരെ ലളിതം, ന്യൂസിലാന്‍ഡ് ജനതയുടെ ആസൂത്രണവും നിശ്ചയദാര്‍ഢ്യവും ഒരുമയുമാണ് അവരെ ഈ വിജയനിമിഷത്തിലെത്തിച്ചത്.
ഫെബ്രുവരി 28നാണ് ന്യൂസിലാന്‍ഡില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഇറാനിലേക്ക് യാത്ര പോയ 60 വയസ്സുകാരനാണ് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിലേ ഏതാണ്ട് ഏഴ് ആഴ്ച്ച നീണ്ട കര്‍ശനമായ lock down ആണ് ന്യൂസിലാന്‍ഡില്‍ നടപ്പാക്കിയത്. ഇതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ സഹകരണവും ലഭിച്ചു.
കൂടാതെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവര്‍ക്ക് സഹായകരമായി. ദക്ഷിണ പസഫിക്കിലെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രധാനമായും രണ്ട് ദ്വീപുകള്‍ മാത്രമുള്ള കൊച്ചു രാഷ്ട്രത്തിന് വളരെയെളുപ്പത്തില്‍ പുറമേ നിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാന്‍ സാധിച്ചു. കൂടാതെ, കുറഞ്ഞ ജനസംഖ്യയും ന്യൂസിലാന്‍ഡിന് നിയന്ത്രണങ്ങള്‍ ഫലപ്രദമാക്കാന്‍ സഹായിച്ചു.
ന്യൂസിലാന്‍ഡ് കോവിഡ് വിമുക്തമായി എന്നതിന് കോവിഡ് ഇനിയൊരിക്കലും ന്യൂസിലാന്‍ഡില്‍ വരില്ല എന്നല്ല അര്‍ഥം. മറ്റു ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡിന്‍റെ ചങ്ങല വിജയകരമായി പൊട്ടിക്കാന്‍ ഈ രാജ്യത്തിന് കഴിഞ്ഞു എന്നതാണ് വസ്തുത.
നിലവില്‍ രാജ്യത്ത് രോഗികള്‍ ഇല്ലാത്തതിനാല്‍ അതിര്‍ത്തികളിലെ നിയന്ത്രണം ഒഴികെയുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതും. പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി മുതല്‍ ന്യൂസിലാന്‍ഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. പൊതുഗതാഗതവും പഴയതുപോലെയായിട്ടുണ്ട്.
രാജ്യ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പുതിയ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്. സന്തോഷത്താൽ താൻ നൃത്തം ചെയ്തതായും ജസീന്ത പറഞ്ഞു.
രാജ്യത്തിനകത്തെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചെങ്കിലും അതിർത്തി മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും. എന്നാൽ സാമൂഹിക അകലവും പൊതുഇടങ്ങളിലെ നിയന്ത്രണങ്ങളും ഇനി ഉണ്ടാകില്ലെന്ന് ജസീന്ത അറിയിച്ചു.
രാജ്യം കോവിഡ് വിമുക്തമായി എന്ന സന്തോഷ വാർത്ത അറിഞ്ഞപ്പോൾ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് ജസീന്ത ആർഡെന്‍റെ മറുപടി ഇപ്രകാരമായിരുന്നു. "മകൾക്കൊപ്പം ഞാൻ കുറച്ചു നേരം നൃത്തം ചെയ്തു. എന്താണ് കാര്യമെന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും നൃത്തംചെയ്യാനും അവളും എനിക്കൊപ്പം കൂടി".
കോവിഡ‍് മുക്തമായതോടെ രാജ്യത്തെ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് ജസീന്ത ആർഡെൻ പറഞ്ഞു.