ബേനസീര്‍ ഭൂട്ടോയ്ക്കു ശേഷം പ്രധാനമന്ത്രി പദത്തില്‍ ഇരിക്കെ അമ്മയായി ജസീന്ത ആര്‍ഡന്‍

ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അമ്മയായി.   

Last Updated : Jun 21, 2018, 04:54 PM IST
ബേനസീര്‍ ഭൂട്ടോയ്ക്കു ശേഷം പ്രധാനമന്ത്രി പദത്തില്‍ ഇരിക്കെ അമ്മയായി ജസീന്ത ആര്‍ഡന്‍

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അമ്മയായി.   

ഓക്ക്‌ലാന്‍ഡ്‌ സിറ്റിയിലെ ആശുപത്രിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4.45 നായിരുന്നു അവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജസീന്ത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തു വിട്ടത്.

ലോകത്ത് പ്രധാനമന്ത്രി പദത്തിലിരിക്കേ അമ്മയാകുന്ന രണ്ടാമത്തെയാളാണ് ഈ 37കാരിയായ ജസീന്ത ആര്‍ഡന്‍.  പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ് പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയായ ആദ്യത്തെയാള്‍.  1990ലാണ് പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ അമ്മയായത്. യാദൃച്ഛികമെന്നപോലെ ബേനസീര്‍ ഭൂട്ടോയൂടെ ജന്മദിനത്തിലാണ് ജസീന്തയുടെ മകളുടെ ജനനവും.

37 കാരിയായ ജസീന്തയാണ് 1856ന് ശേഷം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. കഴിഞ്ഞ ഒക്‌ടോബറിലാണ് പ്രധാനമന്ത്രിയായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിലാണ് താനും പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന കാര്യം ജസീന്ത പുറം ലോകത്തെ അറിയിച്ചത്.

ആറുമാസത്തെ പ്രസവാവധിയിലാണ് പ്രധാനമന്ത്രി. നിലവില്‍ ഔദ്യോഗ ചുമതലകള്‍ ഉപ പ്രധാനമന്ത്രി വിന്‍സണ്‍ പീറ്ററിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്‌.  

ന്യൂസിലാന്‍ഡ്‌ മുന്‍പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും ജസീന്തയ്ക്ക് ആശംസ അര്‍പ്പിച്ചു. 

 

 

Trending News